ദോഹ:
ഇസ്രായേൽ പലസ്തീനിൽ നടത്തുന്ന ആക്രമത്തിനെതിരെ പലസ്തീന് ഐക്യദാർഢ്യവുമായി ആയിരങ്ങൾ ഖത്തറിൽ ഒത്തുകൂടി. ഇന്ത്യക്കാരടക്കം നൂറുകണക്കിനാളുകളാണ് ബാനറുകളും പലസ്തീൻ കൊടികളുമേന്തി ഇമാം അബ്ദുൽ വഹാബ് പള്ളി (ഗ്രാൻഡ് മോസ്ക്) പരിസരത്ത് ശനിയാഴ്ച സംഗമിച്ചത്.
വൈകുന്നേരം ഏഴിന് തുടങ്ങിയ ഐക്യദാർഢ്യ സംഗമം രാത്രി പത്തുമണി വരെ നീണ്ടു. നൂറുകണക്കിന് ഖത്തരികളും വിദേശികളും പങ്കെടുത്തു. ഹമാസിൻെറ രാഷ്ട്രീയകാര്യ മേധാവി ഡോ ഇസ്മായിൽ ഹനിയ്യയും ആഗോള മുസ്ലിം പണ്ഡിതസഭ ജനറൽസെക്രട്ടറി അലി അൽഖുറദാഇ ഉൾപ്പെടെയുള്ളവരും പങ്കെടുത്തു. ‘നഹ്നു പലസ്തീൻ യാ ഹയ്യാ… യാ ഖത്തർ യാ ബയ്യാ…’ (നമ്മുടെ പലസ്തീൻ അതിജീവിക്കട്ടെ, ഖത്തർ എന്നും ഉയരങ്ങൾ താണ്ടട്ടെ) എന്ന മുദ്രാവാക്യം ജനങ്ങൾ ഉറക്കെചൊല്ലി.
മുനീസ് പലസ്തീൻ അതിജയിക്കുമെന്നും അന്തിമവിജയം പലസ്തീന് ആയിരിക്കുമെന്നും ജനങ്ങൾ ഒന്നടങ്കം ഏറ്റുപറഞ്ഞു. ഖത്തറിന് പലസ്തീനുമായി ചരിത്രപരമായ ബന്ധമാണുള്ളതെന്നും ഖത്തർ ഭരണാധികാരികൾ പലസ്തീന് നൽകുന്ന പിന്തുണയും സഹായവും ഏറെ വലുതാണെന്നും ഡോ ഇസ്മായിൽ ഹനിയ്യ പറഞ്ഞു.
‘ഇംഗ്ലണ്ട് ഇംഗ്ലീഷുകാരുടേയും ഫ്രാൻസ് ഫ്രഞ്ചുകാരുടേതുമെന്നതുപോലെ പലസ്തീൻ അറബികളുടേതാണ്’ എന്ന് നിലപാട് കൈകൊണ്ടിരുന്ന മഹാത്മാഗാന്ധിയുടെ ചിത്രവും ഇന്ത്യൻ പതാകയുമേന്തി മലയാളികളടക്കമുള്ളവരും പ്രതിഷേധത്തിൽ പങ്കുചേർന്നു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരങ്ങളാണ് സംഗത്തിൽ തടിച്ചുകൂടിയത്.