തിരുവനന്തപുരം:
ചൊവ്വാഴ്ച മുതൽ കേരളത്തിനു പുറത്തേക്ക് ഓക്സിജൻ കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കത്തിലൂടെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആക്റ്റീവ് കേസുകൾ മേയ് 15 ഓടെ ആറു ലക്ഷമായി ഉയർന്നേക്കാം എന്നാണ് അനുമാനിക്കുന്നത്. അങ്ങനെ വന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണവും ഉയരും.
450 മെട്രിക് ടൺ ഓക്സിജൻ നമുക്ക് ആവശ്യമായി വരും. രാജ്യത്തുള്ള സ്റ്റീൽ പ്ലാന്റുകളിൽനിന്ന് വളരെ അകലെ സ്ഥിതി ചെയ്യുന്ന സംസ്ഥാനം എന്ന നിലയ്ക്ക് അടിയന്തര ഘട്ടങ്ങളിൽ കേരളത്തിലേക്കു മറ്റിടങ്ങളിൽനിന്ന് ഓക്സിജൻ എത്തിക്കുക വിഷമകരമാവും.
അതുകൊണ്ടു കേരളത്തിൽ പ്രതിദിനം ഉൽപാദിപ്പിക്കപ്പെടുന്ന 219 മെട്രിക് ടൺ ഓക്സിജനും കേരളത്തിന് അനുവദിക്കണം എന്നും അതിലുമധികമായി വേണ്ടി വരുന്നത് സ്റ്റീൽ പ്ലാന്റുകളിൽനിന്നു ലഭ്യമാക്കണം എന്നും ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ പൊതുസ്ഥിതി കണക്കിലെടുത്ത് കേന്ദ്ര സർക്കാർ എത്രയും വേഗം ക്രയോ ടാങ്കറുകൾ സംഭരിക്കണം. അവയിൽനിന്ന് സംസ്ഥാനങ്ങൾക്ക് ലിക്വിഡ് മെഡിക്കൽ ഓക്സിജൻ അനുവദിക്കണം. അത് എത്തിക്കാനായി തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലേക്ക് ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ ഓടിക്കണമെന്നും പ്രധാനമന്ത്രിയോട് അഭ്യർഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു