Wed. Nov 6th, 2024
ജറുസലേം:

അധിനിവേശ കിഴക്കന്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സ വീണ്ടും സംഘര്‍ഷഭരിതമാകുന്നു. വെള്ളിയാഴ്ച മസ്ജിദുല്‍ അഖ്‌സയിലെത്തിയ പലസ്തീനികള്‍ക്ക് നേരെ ഇസ്രാഈല്‍ സേന നടത്തിയ ആക്രമണത്തിന് ശേഷവും, ലയ്‌ലത്തുല്‍ ഖദറിന്റെ ഭാഗമായി ആയിര കണക്കിന് പലസ്തീനികളാണ് ശനിയാഴ്ച ഇവിടെ എത്തിച്ചേര്‍ന്നത്. 90,000 പേരോളം എത്തിയിരുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മസ്ജിദുല്‍ അഖ്‌സയിലേക്കുള്ള വഴികളില്‍ ഇസ്രാഈല്‍ സേന വാഹനങ്ങള്‍ തടഞ്ഞിരുന്നതിനാല്‍ കാല്‍നടയായി സഞ്ചരിച്ചാണ് നൂറ് കണക്കിന് പേര്‍ ഇവിടെ എത്തിച്ചേര്‍ന്നത്. വെള്ളിയാഴ്ച നടന്ന അടിച്ചമര്‍ത്തലിനെതിരെയുള്ള പ്രതിഷേധമായി കൂടിയായിരുന്നു പ്രാര്‍ത്ഥനയ്ക്കായി പലസ്തീനികള്‍ വന്നത്.

തുടര്‍ന്ന് കഴിഞ്ഞ ദിവസത്തേതിന് സമാനമായ രീതിയില്‍ ഇസ്രാഈല്‍ സേന പലസ്തീനികള്‍ക്ക് നേരെ സ്റ്റണ്‍ ഗ്രനേഡുകളും കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു. കല്ലും തീ നിറച്ച കുപ്പികളും എറിഞ്ഞാണ് പലസീതിനികളില്‍ ചിലര്‍ സൈന്യത്തിന്റെ ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ചത്.

ശനിയാഴ്ച മാത്രം 60തിലേറെ പലസ്തീനികള്‍ക്ക് പരിക്കേറ്റിണ്ടുന്നെന്ന് പലസ്തീന്‍ റെഡ് ക്രെസന്റ് പറഞ്ഞു. വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ 200ലേറെ പേര്‍ക്കായിരുന്നു പരിക്കേറ്റിരുന്നത്. പള്ളിക്കുള്ളിലേക്കും പ്രാര്‍ത്ഥിക്കുന്നവര്‍ക്കും നേരെയും സ്റ്റണ്‍ ഗ്രനേഡുകളും ടിയര്‍ ഗ്യാസുകളും ഇസ്രാഈല്‍ സേന പ്രയോഗിക്കുകയായിരുന്നു.

By Divya