Tue. Apr 23rd, 2024
ദോഹ:

വിശുദ്ധ റമദാനിലെ അവസാന വെള്ളിയാഴ്ച അൽ അഖ്സ പള്ളിയിൽ ഫലസ്​തീനികൾക്ക് നേരെ നടന്ന ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് ഖത്തർ രംഗത്ത്. ലോകത്തുടനീളമുള്ള ദശലക്ഷക്കണക്കിന് മുസ്​ലിം വിശ്വാസികളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്ന നടപടിയാണിത്​. അന്താരാഷ്​ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും വലിയ ലംഘനമാണ് ഇസ്രായേൽ നടത്തിയിരിക്കുന്നതെന്നും ഖത്തർ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഫലസ്​തീൻ ജനതക്കും അൽ അഖ്സ പള്ളിക്കുമെതിരായ നിരന്തരമുള്ള ഇസ്രായേൽ ആക്രമണങ്ങളെയും അതിക്രമങ്ങളെയും നിലക്ക് നിർത്തുന്നതിനും അവസാനിപ്പിക്കുന്നതിനും അന്താരാഷ്​ട്ര സമൂഹത്തിെൻറ ഭാഗത്തുനിന്നും ക്രിയാത്മകമായ ഇടപെടൽ അനിവാര്യമായിരിക്കുന്നു. ഫലസ്​തീൻ വിഷയത്തിൽ ഖത്തറിൻറെ നിലപാടിൽ ഒരു മാറ്റവുമില്ല.

ഫലസ്​തീനികളുടെ മതപരമായ അവകാശങ്ങളും 1967ലെ അതിർത്തി പ്രകാരം ഖുദ്സ്​ കേന്ദ്രമാക്കി സ്വതന്ത്ര പരമാധികാര ഫലസ്​തീൻ രാഷ്​ട്രവുമുൾപ്പെടെയുള്ള ഫലസ്​തീൻ ജനതയുടെ അവകാശങ്ങൾക്കായുള്ള ശ്രമങ്ങളിൽ ഖത്തറിൻറെ പൂർണ പിന്തുണയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. അൽ അഖ്സ പള്ളിയിൽ പ്രാർഥനയിലായിരുന്ന വിശ്വാസികൾക്ക് നേരെ ഇസ്രായേലി അധിനിവേശ സേന നടത്തിയ ആക്രമണങ്ങൾക്കെതിരെ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്​ദുറഹ്മാൻ ആൽഥാനിയും രംഗത്തെത്തി.

By Divya