Mon. Dec 23rd, 2024
എന്തുകൊണ്ട് സമ്പൂർണ ലോക്കഡൗൺ?

മെയ് എട്ടിന് രാവിലെ 6 മുതൽ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണിത്. രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനാണ് ഇത്തരമൊരു നീക്കം. ഒമ്പത് ദിവസത്തെ ലോക്ക്ഡൗൺ കൊണ്ട് കാര്യങ്ങൾ അല്പമെങ്കിലും നിയന്ത്രണ വിധേയമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ഒരു മാസമായി കേരളത്തിൽ കോവിഡ് കേസുകൾ വർദ്ധിച്ച സാഹചര്യം ആയിരുന്നു. രാജ്യം മൊത്തം ജീവവായുവിനായി കാത്ത് കിടക്കുന്നതും നമ്മൾ കണ്ടു. എന്തുകൊണ്ടാണ് ഇത്രയും വേഗം രോഗവ്യാപനം കൂടിയത്? ജനങ്ങളും ജനപ്രതിനിധികളും പ്രോട്ടോകോൾ പാലിച്ചോ? ജാഗ്രത കടന്ന് ഭയത്തിലേയ്ക്ക് എത്തേണ്ടതുണ്ടോ?

ജോൺ ഹോപ്കിൻസ് മെഡിസിൻ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, കോവിഡ് -19ന്റെ രണ്ടാമത്തെ തരംഗത്തിന് മനുഷ്യന്റെ സ്വഭാവമാണ് പ്രധാന ഘടകം. കഴിഞ്ഞ വർഷം ഏർപ്പെടുത്തിയ കർശനമായ ലോക്ക്ഡൗൺ ഇന്ത്യയിലെ കോവിഡ് പകർച്ച മന്ദഗതിയിലാക്കി, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ അധികാരികൾക്ക് സമയം നൽകി.

കോവിഡിനെ നിയന്ത്രിച്ച്  കൊണ്ട് വന്ന് ഒരു രാജ്യത്ത് ഇപ്പോൾ കോവിഡ് കേസുകൾ കൂടി ആശുപത്രിയിൽ കിടക്ക, ഓക്സിജൻ, എന്നിവ ലഭിക്കാതെ ആയി, മൃതദേഹങ്ങൾ അനാഥമായി  കിടക്കുന്നു, ശ്മശാനങ്ങൾ നിറയുന്നു, ശ്വാസം കിട്ടാതെ മനുഷ്യൻ മരിക്കുന്നു. ആദ്യം കൊറോണയോട് തോന്നിയ ഭയം ഇപ്പോഴും നമ്മളുടെ ഉള്ളിലുണ്ടോ?

മാസ്കുകൾ ഇല്ലാതെ സാമൂഹിക അകലം പാലിക്കാതെ നടത്തിയ ഇലക്ഷൻ പ്രചാരണം. എല്ലാ പാർട്ടികളുടെയും തിരഞ്ഞെടുപ്പ് റാലികളിലും പോളിംഗ് ബൂത്തുകളിലും ഒത്തുചേരലുകൾക്കും കോവിഡ് -19 പ്രോട്ടോക്കോൾ ലംഘനം കൃത്യമായി നടന്നു. പകർച്ചവ്യാധിയോടുള്ള ജാഗ്രതയെ ദുർബലമാക്കികൊണ്ട് നടന്ന ദിവസങ്ങൾ. വാക്‌സിൻ ഫലപ്രദമായിട്ടും കേസുകൾ കൂടി വരികയാണ് കർശന നിയന്ത്രണങ്ങൾ വന്നിട്ടും ഒടുവിൽ ലോക്‌ഡൗൺ പ്രഖ്യാപനത്തിൽ എത്തി നില്കുന്നു നമ്മൾ. 

ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന് പറയുബോഴും അല്പം ഭയപ്പെടേണ്ട ഒന്നുണ്ട്. രാജ്യത്ത്​ കൊറോണ വൈറസ്സിന്‍റെ മൂന്നാം തരംഗം ഒഴിവാക്കാൻ കഴിയി​ല്ലെന്ന​ ആരോഗ്യവിദഗ്​ധരുടെ കണ്ടെത്തലാണ് അത്. മൂന്നാംതരംഗം എപ്പോൾ തുടങ്ങുമെന്നോ, അതിന്‍റെ തോത്​ എത്രത്തോളമാണെന്നോ പറയാൻ കഴിയില്ല. ​

കൊറോണ വൈറസ്​ വകഭേദങ്ങളുടെ സ്വഭാവം മാറിവരുന്ന സാഹചര്യത്തിൽ രാജ്യം ​അതും​ നേരിടാൻ തയ്യാറായിരിക്കണം. നിലവിലെ വകഭദങ്ങളെ നേരിടാൻ വാക്​സിൻ ഫലപ്രദമാണ്​. എന്നാൽ ഇനിയും വകഭേദങ്ങളുണ്ടാകുമെന്ന സാഹചര്യത്തിൽ ശാസ്​ത്രജ്ഞൻ വാക്സിനുകളിൽ അനിവാര്യ മാറ്റം വരുത്താൻ പരിശ്രമിച്ചുകൊണ്ടിരിക്കണം എന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ കണ്ടെത്തൽ.

രാജ്യത്തെ മറ്റു വാർത്തകൾ കാണുമ്പോൾ കേരളത്തിൽ നിങ്ങൾ സുരക്ഷിതരാണെന്ന് തോന്നൽ ഉണ്ടോ? എങ്കിൽ അറിയേണ്ട ഒന്നുണ്ട് കൊവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് കിടത്തി ചികിത്സാ സൗകര്യവും ഐസിയു വെന്റിലേറ്റര്‍ സൗകര്യങ്ങളും കുറയുന്നു. രോഗ വ്യാപനം കൂടുന്നതോടെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് ആരോഗ്യ വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്.  വ്യാപനം ശക്തമായി നിൽക്കുന്ന സാഹചര്യത്തിൽ നമ്മൾ എത്രത്തോളം ജാഗ്രത പുലർത്തണം എന്നത് വളരെ വ്യക്തം.

ഇനിയുള്ള പത്ത് ദിവസം വളരെ ജാഗ്രതയോടെ മുന്നോട്ട് പോകുകയാണെങ്കിൽ ലോക്‌ഡൗൺ നീണ്ടു പോവാതെ കോവിഡ് വ്യാപനം തടയാൻ സാധിക്കും. കൈകൾ ശുചിയായി സൂക്ഷിച്ചും സാമൂഹിക അകലം പാലിച്ചും ഡബിൾ മാസ്ക് ധരിച്ചും കോവിഡ് രണ്ടാം തരംഗത്തെ നമ്മൾക്ക് ഒരുമിച്ച് പ്രതിരോധിക്കാം.

വാക്‌സിൻ എടുക്കുക ജാഗ്രത പാലിക്കുക ഒരുലക്ഷണവും നിസാരവത്കരിച്ച് കാണാതെ സംരക്ഷിക്കുന്നതിലൂടെ മറ്റുള്ളവർക്ക് നമ്മളിലൂടെ രോഗം പടരാതെ ശ്രദ്ധിക്കുക എന്നതും നമ്മുടെ ഉത്തരവാദിത്തമാണ്. കോവിഡ് 19 രണ്ടാം തരംഗം നിയന്ത്രണാതീതമായി മാറുന്നത് നമ്മൾക്കു തടയാം.

സമ്പൂർണ ലോക്ക്ഡൗണിലൂടെ മാത്രമേ രോഗവ്യാപനം നമുക്ക് നിയന്ത്രിക്കുവാൻ കഴിയുകയുള്ളൂ എന്ന് സർക്കാരും തീരുമാനം എടുത്ത് കഴിഞ്ഞു അതിനായി ജനങ്ങളുടെ സഹകരണവും സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ നിബന്ധനകൾ കൃത്യമായി പാലിച്ച് രണ്ടാഴ്ചകൊണ്ട് കേസുകൾ കുറച്ചു കൊണ്ടുവരാൻ സാധിക്കട്ടെ.