Fri. Nov 22nd, 2024

തിരുവനന്തപുരം:

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണ്. കൊവിഡ് മരണങ്ങള്‍ കൂടിയതോടുകൂടി സംസ്ഥാനത്ത് പല ജില്ലകളിലെയും ശ്മാശനങ്ങളിലും മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ തിരിക്ക് അനുഭവപ്പെടുന്നു.

കൊവിഡ് മരണങ്ങള്‍ കൂടിയതോടുകൂടി തിരുവനന്തപുരത്തെ തെെക്കാട് ശാന്തികവാടം വെെദ്യൂത ശ്മാശാനത്തില്‍ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിനായി സമയം ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട സാഹചര്യമാണ്. ഒരു ദിവസം ശാന്തികവാടത്തില്‍ സംസ്കരിക്കാനാകുന്നത് 24 മൃതദേഹങ്ങള്‍. എന്നാല്‍ ഇപ്പോള്‍ എല്ലാ ദിവസങ്ങളിലും തുടര്‍ച്ചയായി 24ന് മുകളില്‍ മൃതദേഹങ്ങള്‍ ആണ് ഇവിടെ സംസ്കരിക്കാനായി കൊണ്ടുവരുന്നത്.

ഇപ്പോള്‍ 30ലധികം മൃതദേഹങ്ങളാണ് എത്തുന്നത്. ഈ സാഹചര്യത്തിലാണ് ബുക്കിങ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെയും ബുക്കിങ് സൗകര്യം ഉണ്ടായിരുന്നുവെങ്കിലും ഇത്രയധികം മൃതദേഹങ്ങള്‍ എത്തിയിരുന്നില്ല.

തൈക്കാട്ട് രണ്ട് ഇലക്ട്രിക് ഫർണസുകളും പുതുതായി നിർമിച്ച രണ്ട് ഗ്യാസ് ഫർണസുകളുമാണുള്ളത്.

ഒരു ദിവസം 24 മൃതദേഹങ്ങള്‍ എന്ന് പറയുമ്പോള്‍ ഒരേസമയം നാല് മൃതദേഹങ്ങളാണ് വെെദ്യുതി ശ്മശാനത്തിലും ഗ്യാസ് ശ്മശാനത്തിലും സംസ്ക്കരിക്കാനാവുക. ഒരു മൃതദേഹം സംസ്കരിക്കാന്‍ തന്നെ ശരാശരി 2 മണിക്കൂറോളം ആവശ്യമാണ്. അങ്ങനെ വരുമ്പോള്‍ രാത്രിവരെയൊക്കെ ശ്മശാനം പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ്.

മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍  നാളെ വെെകുന്നേരം വരെയുള്ള ബുക്കിങ് പൂര്‍ത്തിയായിരിക്കുകയാണ്. നാളെ 22 മൃതദേഹങ്ങള്‍ സംസ്കരിക്കാനാണ് ബുക്ക് ചെയ്തിരിക്കുന്നത്. ബുധനാഴ്ച 23 മൃതദേഹങ്ങൾ സംസ്‌കരിച്ചു.

ശാന്തികവാടം ശ്മശാനത്തിൽ ഇതോടെ വിറക് ശ്മശാനത്തിൽ കൂടി കോവിഡ് മൃതദേഹങ്ങൾ സംസ്‌കരിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

കൊവിഡ് ബാധിച്ച് മരിച്ചവരെ മാത്രമാണിപ്പോൾ വെെദ്യുത ശ്മശാനത്തിലും ഗ്യാസ് ശ്മശാനത്തിലും സംസ്കരിക്കുന്നത്. കൊവിഡ് ബാധിച്ച് അല്ലാതെ മരിക്കുന്നവരുടെ മൃതദേഹമായിരുന്നു വിറക് ശ്മശാനത്തിൽ സംസ്കരിക്കുന്നത്.

കൊവിഡ് മരണം കൂടിയതോടെ വിറക് ചിതകൾ കൂടി കോവിഡ് മൃതദേഹങ്ങളുടെ സംസ്‌കാരത്തിന് ഉപയോഗിക്കും. എന്നിട്ടും സൗകര്യങ്ങൾ തികയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.

തൈക്കാട്ട് രണ്ട് ഇലക്ട്രിക് ഫർണസുകളും പുതുതായി നിർമിച്ച രണ്ട് ഗ്യാസ് ഫർണസുകളുമാണുള്ളത്. നിര്‍ത്താതെ പ്രവര്‍ത്തിക്കുന്നതിനാല്‍ യന്ത്രം പണിമുടക്കുന്നുമുണ്ട്.

തുടർച്ചയായ ഉപയോഗം കാരണം പുതിയ ഒരു ഗ്യാസ് ഫർണസ് അടക്കം രണ്ടെണ്ണത്തിന്റെ പ്രവർത്തനം മന്ദഗതിയിലായിത്തുടങ്ങി. ഈ സ്ഥിതി തുടരുകയാണെങ്കിൽ ഇവ കേടാകാനും സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. മാറനല്ലൂർ പഞ്ചായത്തിന്റെ ശ്മശാനത്തിൽ എത്തുന്നതിൽ പകുതി മൃതദേഹങ്ങൾ മാത്രമാണ് ഒരു ദിവസം സംസ്‌കരിക്കാനാവുന്നത്.

അതേസമയം, എന്നാല്‍ ആരും പരിഭ്രമിക്കേണ്ടെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദന്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളെ പോലെ ഒരു കൊവിഡ് രോഗിയുടെ മൃതദേഹം തെരുവില്‍ കിടക്കില്ലെന്നും ആദരവോടെയും ബഹുമാനിച്ചുകൊണ്ടും തന്നെ സംസ്കരിക്കുമെന്നും മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിനാണ് മുന്‍ഗണന നല്‍കുകയെന്നും മേയര്‍ വ്യക്തമാക്കി. കഴക്കൂട്ടത്തെ പുതിയ ഗ്യാസ് ശ്മശാനത്തിന്‍റെ നിർമാണം നടക്കുകയാണ്.

https://www.youtube.com/watch?v=CvT927kA28s

 

 

By Binsha Das

Digital Journalist at Woke Malayalam