Sat. Jan 18th, 2025
ഷാഫിയുടെയും ശിവൻകുട്ടിയുടെയും ജയം എന്തുകൊണ്ട് ആഘോഷിക്കുന്നു

കേരളത്തിൽ LDF രണ്ടാം തരംഗം പ്രതിഫലിക്കുമ്പോൾ രാഷ്ട്രീയ പാർട്ടി ഭേദമന്യേ പാലക്കാട്ടെ ഷാഫി പറമ്പിലിനും നേമത്തെ വി ശിവന്കുട്ടിക്കും അഭിനന്ദന പ്രവാഹം. സാമൂഹിക മാധ്യമങ്ങളിൽ എമ്പാടും ഇവർക്ക് പ്രത്യേക നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ്. എന്തുകൊണ്ടാണ് ഇവർ ഇപ്പോൾ ഹീറോസ് ആകുന്നത്. ബിജെപിയുടെ ഏക സീറ്റായ നേമം കയ്യിലെടുത്ത് ശിവൻകുട്ടി താരമാകുമ്പോൾ ഫോട്ടോഫിനിഷിലൂടെ മെട്രോമാൻ ഈ ശ്രീധരനെ അവസാന നിമിഷം കടത്തിവെട്ടി പാലക്കാട് സ്വന്തം ആക്കിയിരിക്കുകയാണ് ഷാഫി. 

നേമത്തും തൃശൂരിലും പാലക്കാടുമാണ് ബിജെപി ആദ്യഘട്ട  വോട്ടെടുപ്പ് അവസാനിച്ചപ്പോൾ മുന്നിട്ട് നിന്നിരുന്നത്. ഇതിൽ തൃശൂരിൽ സുരേഷ് ഗോപിയുടെ ലീഡ് നില ഉയർന്നും താഴ്ന്നും നിന്നു. NDA മൂന്ന് എന്നതിൽ നിന്നും രണ്ട് എന്ന സംഖ്യയിലേയ്ക്ക് സീറ്റ് എണ്ണം കുറഞ്ഞപ്പോൾ നേമവും പാലക്കാടുമായി ജനങ്ങളുടെ ശ്രദ്ധ മഞ്ചേശ്വരവും കോന്നിയും അപ്പോഴും ആ കണക്കിൽ പെട്ടിട്ടില്ലെന്ന് ഓർക്കണം. 

പിന്നീട് കേരളം കണ്ട വാർത്ത ഇതാണ് സംസ്ഥാനത്ത് ആദ്യമായി ബിജെപിയെ നിയമസഭയിലേക്ക് എത്തിച്ച നേമം തിരിച്ചുപിടിച്ച് ഇടതുമുന്നണി. എൽഡിഎഫ് സ്ഥാനാർത്ഥിയായ വി ശിവൻകുട്ടി ലീഡ് ചെയുന്നു. നേമം നിലനിർത്താൻ ബിജെപി രം​ഗത്തിറക്കിയത് കുമ്മനം രാജശേഖരനെയായിരുന്നു. കരുത്തനായ സ്ഥാനാർത്ഥിയിലൂടെ നേമത്ത് വിജയക്കൊടി പാറിക്കുമെന്ന് അവകാശപ്പെട്ട് യുഡിഎഫ് കളത്തിലിറക്കിയത് കെ മുരളീധരനെയും. ശക്തമായ ത്രികോണപോരാട്ടത്തിനൊടുവിൽ ശിവൻ കുട്ടി വിജയക്കൊടി പാറിച്ചതോടെ നേമം ചരിത്രവിജയങ്ങളുടെ പട്ടികയിൽ ഇടം നേടുക കൂടിയാണ്.

അപ്പോഴും പാലക്കാട് നിയമസഭാ മണ്ഡലത്തിൽ തുടക്കത്തിൽ  നേടിയ മുന്നേറ്റം ആദ്യ രണ്ട് റൌണ്ടുകളിലും നിലനിർത്തി എൻഡിഎ സ്ഥാനാർത്ഥി ഇ ശ്രീധരൻ. തപാൽ വോട്ടുകളിൽ നേടിയ മുന്നേറ്റം വോട്ടിംഗ് മെഷിനുകളിലേക്ക് എത്തിയപ്പോഴും മെട്രോമാൻ നിലനിർത്തി. ഒരു സീറ്റ് NDA ഉറപ്പിച്ചിരിക്കുന്ന സമയം, വാങ്ങിയ MLA  ഓഫീസ് വെറുതെയായില്ലലോ എന്ന ആശ്വാസം ഒക്കെയും തകർത്ത് കൊണ്ട് അതാ ഷാഫി പറമ്പിലിന്റെ എൻട്രി, ലീഡ് നില ഉയർന്നു NDAയ്ക്ക് കേരളത്തിൽ ലഭിച്ച സീറ്റിന്റെ എണ്ണം പൂജ്യം. ഷാഫിയുടെ വിജയം സുനിശ്ചിതമായതോടെ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. പേടിപ്പിച്ച കളഞ്ഞാലോ ഷാഫി എന്നടങ്ങുന്ന രസകരമായ പോസ്റ്റുകൾ. രാഷ്ട്രീയ പാർട്ടി ഭേദമന്യേ കേരളത്തിലെ ജനങ്ങൾ BJPയുടെ തോൽവി ആഘോഷിക്കുന്ന കാഴ്ച്ച. എവിടെ തിരിഞ്ഞാലും അക്കൗണ്ട് പൂട്ടിച്ചതിന്റെ സന്തോഷം. 

ഇതിനിടയിലും ആരും സുരേന്ദ്രൻജിയെ മറന്നു പോയിട്ടില്ലായിരുന്നു. അദ്ദേഹത്തിനും ലഭിച്ചു ട്രോളിന്റെ പെരുമഴ.  ഒരു തവണ കൂടി അവസരം തരൂ എന്ന് കനിഞ്ഞപേക്ഷിക്കുന്ന സുരേന്ദ്രൻ മുതൽ കോന്നിയിലും മഞ്ചേശ്വരത്തും സുരേന്ദ്രനെ എത്തിക്കുന്ന ഹെലിക്കോപ്ടറിന്റെ പൈലറ്റിന്റെ മാനസികാവസ്ഥ വരെ ട്രോളുകളിൽ ഇടം പിടിച്ചു.  രണ്ട് സ്ഥലങ്ങളിൽ മത്സരിച്ച് ദയനീയമായി പരാജയപ്പെട്ട സുരേന്ദ്രനോട് ട്രോളന്മാർക്ക് പ്രിയം തന്നെയായിരുന്നു. 

കേരളത്തില്‍ ഇത്തവണ 35 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് പറഞ്ഞ ബിജെപിക്ക് താമര വിരിയിക്കാന്‍ കഴിഞ്ഞതുമില്ല, കൈയ്യില്‍ ഉണ്ടായിരുന്ന ഒന്ന് കൊഴിഞ്ഞും പോകുകയും ചെയ്ത അവസ്ഥ.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ ഉള്‍പ്പെടെ ഇറക്കി കളം നിറഞ്ഞാടിയിട്ടും ബി.ജെ.പിക്ക് ഗുണമുണ്ടായില്ല. സ്വര്‍ണക്കടത്ത് വിഷയത്തില്‍ ഉള്‍പ്പെടെ അഴിമതി ആരോപണങ്ങളും വിവാദങ്ങളും ഉയര്‍ത്തി സര്‍ക്കാരിനെ നേരിട്ടത് തെരഞ്ഞടുപ്പില്‍ ഫലം കാണുമെന്ന കണക്കുകൂട്ടലും പാളി. എന്തിന് ഏറെ തിരുവന്തപുരത്ത് വന്ന് പ്രധാനമന്ത്രി സ്വാമിയേ ശരണമയ്യപ്പ വിളിച്ചിട്ട് പോലും ഗുണം ഉണ്ടായില്ല. 

മെട്രോമാന്‍ ഇ.ശ്രീധരനെ തെരഞ്ഞെടുപ്പിന് മുമ്പേ മുഖ്യമന്ത്രിയാക്കിയിട്ടും ഹെലിക്കോപ്ടര്‍ അടക്കം ഇറക്കി പ്രചാരണം വേഗത്തിലാക്കിയിട്ടും ഗുണമുണ്ടായില്ല. 2016ല്‍ വിജയിച്ച നേമത്തിന് പുറമെ നിരവധി സീറ്റുകളില്‍ ഇത്തവണ വിജയിക്കാമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുക്കൂട്ടല്‍. എന്നാല്‍ നേമത്ത് പോലും താമരയുടെ തണ്ട് ഒടിഞ്ഞു. 

ഏതായാലും കേരളത്തിൽ ബിജെപിയ്ക്ക് അക്കൗണ്ട് തുറക്കാൻ അനുവദിക്കാഞ്ഞ ഷാഫി പറമ്പിലും വി ശിവന്കുട്ടിയുമാണ് ഇപ്പോൾ ജനങ്ങൾക്ക് ഇടയിൽ താരം