Mon. Dec 23rd, 2024
ന്യൂഡൽഹി:

തിരഞ്ഞെടുപ്പ് വിജയത്തിൽ പിണറായി വിജയനെയും മമതാ ബാനർജിയെയും എം കെ സ്റ്റാലിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.  എല്ലാവിധ പിന്തുണയും കേന്ദ്രസർക്കാരിന്റെ ഭാ​ഗത്തുനിന്നുണ്ടാകുമെന്നും മോദി ട്വീറ്റ് ചെയ്തു.

“നിയമസഭ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിണറായി വിജയനും എൽഡിഎഫിനും അഭിനന്ദനങ്ങൾ. തുടർന്നും വിവിധ വിഷയങ്ങളിൽ ഒന്നിച്ചു പ്രവർത്തിക്കാം. കൊവിഡ് മഹാമാരിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ ഒന്നിച്ചു പ്രവർത്തിക്കാം”. മോദി ട്വീറ്റ് ചെയ്തു.

തിരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം നിന്ന ജനങ്ങളോട് നന്ദി പറയുന്നതായും മോദി കുറിച്ചു. തമിഴ്നാട്ടിലെ ഡിഎംകെ വിജയത്തിൽ എം കെ സ്റ്റാലിനെ അഭിനന്ദിച്ച മോദി ഒന്നിച്ച് പ്രവർത്തിക്കാനാവുന്നതിലെ സന്തേഷവും പങ്കുവച്ചു.

“തൃണമൂൽ കോൺ​ഗ്രസിന്റെ വിജയത്തിന് മമതാ ദീദിക്ക് അഭിനന്ദനങ്ങൾ. പശ്ചിമബം​ഗാളിലെ ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനും കൊവിഡ് മഹാമാരിയെ നേരിടുന്നതിനു സാധ്യമായ എല്ലാ പിന്തുണയും കേന്ദ്രസർക്കാരിന്റെ ഭാ​ഗത്തുനിന്നുണ്ടാകും.  ബിജെപിയെ പിന്തുണച്ച ബം​ഗാളിലെ സഹോദരീസഹോദരന്മാരോട് നന്ദി പറയുന്നു. ശ്രദ്ധിക്കപ്പെടാതെ കിടന്ന അവസ്ഥയിൽ നിന്ന് ശ്രദ്ധേയമായ നിലയിലേക്ക് ബം​ഗാളിൽ ബിജെപിയുടെ അവസ്ഥ ഉയർന്നിട്ടുണ്ട്. അതിനായി പ്രവർത്തിച്ച എല്ലാ പാർട്ടിപ്രവർത്തകരെയും പ്രശംസിക്കുന്നു.” നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

തിരഞ്ഞെടുപ്പിൽ വ്യക്തമായ മേൽക്കൈ നേടിയാണ് മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺ​ഗ്രസ് തുടർഭരണം ഉറപ്പിച്ചത്.  294ൽ 212 ഇടത്തും തൃണമൂൽ മുന്നിലാണ്. ബിജെപി 78 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു. രണ്ടിടത്ത് മറ്റ് പാർട്ടികൾ ലീഡ് ചെയ്യുന്നുണ്ട്.

മമതാ ബാന‍ർജി നിയമസഭാ തിര‍ഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. നന്ദി​ഗ്രാമിൽ മത്സരിച്ച മമത ബിജെപിയുടെ സുവേന്ദു അധികാരിയോടാണ് പരാജയപ്പെട്ടത്. 1622 വോട്ടുകൾക്കാണ് സുവേന്ദു അധികാരി വിജയിച്ചത്. നന്ദിഗ്രാമിലെ പരാജയം അംഗീകരിക്കുന്നു എന്ന് മമത പ്രതികരിച്ചു.

By Divya