ഗുവാഹതി:
വാർത്തയെന്ന് തോന്നിപ്പിക്കും വിധത്തിൽ പ്രമുഖ പത്രങ്ങളിൽ മുൻപേജ് പരസ്യം നൽകിയ സംഭവത്തിൽ അസം മുഖ്യമന്ത്രിക്കും ബിജെപി നേതാക്കൾക്കുമെതിരെ പൊലീസിൽ കോൺഗ്രസിൻറെ പരാതി. ആദ്യ ഘട്ട വോട്ടെടുപ്പ് നടന്ന അപ്പർ അസമിലെ മണ്ഡലങ്ങൾ എല്ലാം ബിജെപിക്ക് എന്ന പരസ്യ വാചകം മുഖ്യവാർത്താ തലക്കെട്ട് പോലെ നൽകിയ പരസ്യം എട്ടു പത്രങ്ങളിലാണ് പ്രസിദ്ധീകരിച്ചത്.
മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, ബിജെപി ദേശീയ നേതാവ് ജെപി നഡ്ഡ, സംസ്ഥാന പ്രസിഡൻറ് രൻജീത് കുമാർ ദാസ്, എട്ട് പത്രങ്ങൾ തുടങ്ങിയവർ ചേർന്ന നടത്തിയത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും ജനങ്ങളെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നും ആരോപിച്ച് കോൺഗ്രസ് ലീഗൽ സെല്ലാണ് പരാതി നൽകിയത്.
തിരഞ്ഞെടുപ്പ് പ്രവചനങ്ങൾ ഏപ്രിൽ 29 വരെ പ്രസിദ്ധീകരിക്കുന്നതിന് തിരഞ്ഞെടുപ്പ് കമീഷൻറെ വിലക്ക് നിലനിൽക്കെയാണ് പത്രങ്ങളിൽ പരസ്യം പ്രത്യക്ഷപ്പെട്ടത്. വിഷയം തിരഞ്ഞെടുപ്പു കമീഷൻ പരിശോധിക്കുമെന്ന് സംസ്ഥാന കമീഷൻ അറിയിച്ചു.