Wed. Nov 6th, 2024
കൊച്ചി:

പാവപ്പെട്ടവർക്കു സർക്കാർ  നൽകുന്ന ഭക്ഷ്യ കിറ്റും ക്ഷേമ പെൻഷനും  അരിയും മുടക്കാൻ  പ്രതിപക്ഷ നേതാവു ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കുറച്ച് അരിയും ഭക്ഷ്യസാധനങ്ങളും ലഭിച്ചാൽ കേരളത്തിലെ ജനങ്ങൾ സ്വാധീനത്തിൽപെടുമെന്ന് അദ്ദേഹം കരുതുന്നത് അപമാനകരമാണെന്നും പിണറായി പരിഹസിച്ചു.

തിരഞ്ഞെടുപ്പു ഘട്ടത്തിൽ സർക്കാരിനെ ആക്രമിക്കാനുള്ള വാചകങ്ങളിൽ ജനങ്ങൾക്കുള്ള സഹായത്തെക്കുറിച്ചുള്ള കാര്യങ്ങൾ ഒതുങ്ങുമെന്നാണു പ്രതീക്ഷിച്ചത്. പക്ഷേ, പ്രതിപക്ഷ നേതാവ് അതുകൊണ്ടു തൃപ്തനായില്ല. തിരഞ്ഞെടുപ്പു കമ്മിഷനു സ്വന്തം ലെറ്റർ പാഡിൽ കത്തു നൽകി.

സ്കൂൾ കുട്ടികൾക്കുള്ള ഭക്ഷ്യ സാധന വിതരണം,  വിഷു സ്പെഷലായി നൽകുന്ന ഭക്ഷ്യവസ്തുക്കളുടെ വിതരണം, ഏപ്രിൽ– മേയ് മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം എന്നിവയിൽ  നിന്നു സർക്കാരിനെ വിലക്കണം എന്നാണ്  ആവശ്യപ്പെട്ടത്. ഈ ആവശ്യങ്ങൾ പിൻവലിച്ചു  പ്രതിപക്ഷ നേതാവു ജനങ്ങളോടു മാപ്പു പറയണം– മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കിഫ്ബിയുടെ കഴുത്തിൽ കുരുക്കിടുന്ന ആരാച്ചാർ പണി യുഡിഎഫ് ഏറ്റെടുത്തിരിക്കുകയാണെന്നും  കിഫ്ബി ഓഫിസിലെ  ആദായ നികുതി റെയ്ഡ് എല്ലാ അതിരുകളും ലംഘിക്കുന്നതായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫെഡറൽ തത്വങ്ങൾക്കു നിരക്കാത്ത രീതിയിൽ സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ കടന്നുകയറുകയാണു കേന്ദ്ര സർക്കാർ. കിഫ്ബി സിഇഒ അടക്കമുള്ളവരെ പാതിരാത്രി വരെ ചോദ്യം ചെയ്തു.

സാധാരണ ഒരു കടലാസ് അയച്ചാൽ ഉടൻ ലഭ്യമാകുന്ന രേഖകളാണു കിഫ്ബിയിലുള്ളത്. മിന്നൽ പരിശോധനയും  മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലും കിഫ്ബി ഉദ്യോഗസ്ഥരെ ശത്രുക്കളെപ്പോലെ കണ്ടുള്ള പെരുമാറ്റവുമെല്ലാം എന്തിനാണ്? കോൺഗ്രസിനും യുഡിഎഫിനും ആർഎസ്എസിനുമെല്ലാം ഇത്തരം കാര്യങ്ങളിൽ  ഒരേ വിചാരം ഉണ്ടാകുന്നതായാണു കാണുന്നത്.

By Divya