Tue. Apr 23rd, 2024
CPM issues possible candidate list, clashes between parties for seats

 

തിരുവനന്തപുരം:

നിയമസഭ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ മത്സരിക്കാനുള്ള സിപിഎം സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയായി. ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. കോട്ടയം: അഡ്വ. അനില്‍ കുമാര്‍, പുതുപ്പള്ളി: ജെയ്ക്ക് സി തോമസ്, ഏറ്റുമാനൂര്‍: സുരേഷ് കുറുപ്പ് അല്ലെങ്കില്‍ വി എന്‍ വാസവന്‍ എന്നിവരാണ് സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അതേസമയം പൂഞ്ഞാര്‍ സീറ്റ് ഏറ്റെടുക്കണോ എന്ന കാര്യം സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിക്കും.

തിരുവനന്തപുരത്തും സിപിഎം സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയായി. ആറ്റിങ്ങല്‍ ഒഴികെയുള്ള സീറ്റുകളില്‍ സിറ്റിങ് എംഎല്‍എമാരുടെ പേര്‍ അടങ്ങിയ പട്ടികയാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചത്‌. നേമത്ത് വി ശിവന്‍കുട്ടിയും കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനും വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്തും മത്സരിക്കണമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ ശുപാര്‍ശ.

ആറ്റിങ്ങലില്‍ ബി സത്യന് സീറ്റില്ല. പകരം ഒഎസ് അംബികയുടെ പേരാണ് ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദേശിച്ചത്. അരുവിക്കരയില്‍ കെ.എസ് ശബരീനാഥനെതിരെ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി കെ മധുവിനെ മത്സരിപ്പിക്കും. നെയ്യാറ്റിന്‍കര – കെ ആന്‍സലന്‍,  പാറശ്ശാല – സികെ ഹരീന്ദ്രന്‍,  കാട്ടാക്കട – ഐ.ബി സതീഷ്.

കോഴിക്കോട് നോർത്തിൽ സിറ്റിംഗ് എംഎൽഎ എ പ്രദീപ് കുമാറിന് സാധ്യത. നേരത്തെ നോർത്ത് സീറ്റിൽ സ്ഥാനാർത്ഥിയായി പരിഗണിച്ച സംവിധായകൻ രഞ്ജിത്ത് പിൻമാറി. മത്സരിക്കാൻ താൽപര്യമില്ലെന്ന് രഞ്ജിത്ത് സിപിഎം നേതാക്കളെ അറിയിച്ചു. പ്രദീപ് മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും പ്രദീപ് കുമാറിനായി പ്രചാരണത്തിന് ഇറങ്ങുമെന്നും രഞ്ജിത്ത് പറഞ്ഞു.

കോഴിക്കോട് ജില്ലയിൽ ബിജെപി ഏറ്റവും അധികം വോട്ട് പിടിച്ച മണ്ഡലങ്ങളിലൊന്നായ കോഴിക്കോട് നോർത്തിൽ എംടി മേശാകും ബിജെപി സ്ഥാനാർത്ഥിയെന്ന സൂചനകളുണ്ട്.

കോഴിക്കോട് നോർത്ത്, ബേപ്പൂർ, പേരാമ്പ്ര, കൊയിലാണ്ടി, ബാലുശ്ശേരി, തിരുവമ്പാടി എന്നീ സീറ്റുകളിലാണ് സിപിഎം മത്സരിക്കാൻ ധാരണയായത്. പേരാമ്പ്രയിൽ മന്ത്രി ടിപി രാമകൃഷ്ണനാണ് സാധ്യത. കൊയിലാണ്ടിയിൽ സിറ്റിംഗ് എംഎൽഎ കെ ദാസൻ, എം മെഹബൂബ് (കൺസ്യൂമർ ഫെഡ് ചെയർമാൻ) എന്നിവർക്കാണ് സാധ്യത, ബാലുശ്ശേരിയിൽ സച്ചിൻ ദേവിനും (എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി), രമേശ് ബാബു എന്നിവർക്കും സാധ്യതയുണ്ട്.

അതേസമയം നിയമസഭതെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി സി ജോർജ്ജ് വീണ്ടും വ്യക്തമാക്കി. ഇക്കുറി കേരളത്തിൽ തൂക്ക് നിയമസഭയ്ക്കാണ് സാധ്യതയെന്നും ഒരു മുന്നണിക്കും ഭൂരിപക്ഷമുണ്ടാകില്ലെന്നും പൂഞ്ഞാർ എംഎൽഎ പറയുന്നു. കെ സുരേന്ദ്രനുമായി സംസാരിച്ചിരുന്നുവെന്നും എൻഡിഎ മോശം മുന്നണിയാണെന്ന അഭിപ്രായമില്ലെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു. യുഡിഎഫ് വഞ്ചിച്ചുവെന്ന് ആരോപിക്കുന്ന പൂഞ്ഞാർ എംഎൽഎ യുഡിഎഫിന് തറ പറ്റിക്കുകയാണ് തന്റെ മുഖ്യലക്ഷ്യമെന്ന് വ്യക്തമാക്കി.

ചങ്ങനശ്ശേരി സീറ്റിനെ ചൊല്ലി എല്‍ഡിഎഫില്‍ പിടിവലി. മുന്നണിയിലെ മൂന്ന് പാര്‍ട്ടികള്‍ സീറ്റിനായി അവകാശവാദമുന്നയിക്കുന്നു. സിപിഐ, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം എന്നിവരാണ് ചങ്ങനാശ്ശേരിക്കായി അവകാശവാദമുന്നയിക്കുന്നത്.

കാഞ്ഞിരപ്പള്ളി വിട്ടുനല്‍കണമെങ്കില്‍ പകരം ചങ്ങനാശ്ശേരി നല്‍കണമെന്ന ഉറച്ച നിലപാടാണ് സിപിഐ സ്വീകരിച്ചിട്ടുള്ളത്. ജോസ് കെ മാണി വിഭാഗത്തിന്‌ വേണ്ടിയാണ് കാഞ്ഞിരപ്പള്ളി സിപിഐയോട് വിട്ടുനല്‍കാന്‍ സിപിഎം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ തങ്ങളുടെ സിറ്റിങ് സീറ്റാണെന്ന നിലപാടാണ് ജോസ് കെ മാണി വിഭാഗത്തിനുള്ളത്.

https://www.youtube.com/watch?v=OYmVYeXAOes

By Athira Sreekumar

Digital Journalist at Woke Malayalam