Fri. Nov 22nd, 2024
Justin and Kottayam collector

കോട്ടയം:

ആശിച്ചുവാങ്ങിയ പുത്തന്‍ സെെക്കിള്‍ മോഷണം പോയതിന്‍റെ വിഷമത്തിലായിരുന്നു കോട്ടയം ഉരുളികുന്നത്തെ ഒമ്പതുവയസ്സുകാരന്‍ ജസ്റ്റിന്‍. എന്നാല്‍, കുഞ്ഞിന്‍റെ സങ്കടം മുഖ്യമന്ത്രി കണ്ടു.

മോഷണം പോയ സെെക്കിളിന്‍റെ അതേ നിറത്തിലുള്ള സെെക്കിള്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കോട്ടയം കളക്ടര്‍ വീട്ടിലെത്തിച്ചു. കോട്ടയം ജില്ലാ കളക്ടര്‍ എം അഞ്ജന നേരിട്ടെത്തിയാണ് സെെക്കിള്‍ നല്‍കിയത്. ജസ്റ്റിന്‍റെ അച്ഛന്‍ ഭിന്നശേഷിക്കാരനായ സുനീഷിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധയിപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

ബുധനാഴ്ച രാത്രിയായിരുന്നു ഉരുളികുന്നത്തെ വീട്ടില്‍ നിന്ന് ജസ്റ്റിന്‍റെ സെെക്കിള്‍ മോഷണം പോയത്. പിതാവ് സുനീഷ് തോമസ് മകന്‍റെ ഒമ്പതാം പിറന്നാളിന് വാങ്ങി നല്‍കിയ സെെക്കിളായിരുന്നു മോഷ്ടാവ് കൊണ്ടുപോയത്.

കെെകള്‍ക്കും കാലുകള്‍ക്കും വെെകല്യമുള്ള സുനീഷ് തന്‍റെ തുച്ഛമായ വരുമാനം കൊണ്ടായിരുന്നു മൂന്ന് മാസം മുമ്പ് 6000 രൂപ സ്വരുക്കൂട്ടി വെച്ച് മകന് പിറന്നാളിന് സമ്മാനം നല്‍കിയത്.

സെെക്കിള്‍ മോഷണം പോയതിന് പിന്നാലെ സുനീഷ് ഫെയ്സ്ബുക്ക് കുറപ്പിടുകയായിരുന്നു. സൈക്കിള്‍ ആരുടെയെങ്കിലും കൈയിലോ ഏതെങ്കിലും ആക്രിക്കടയിലോ കാണുകയാണെങ്കില്‍ വിളിച്ചറിയക്കണമെന്ന് അഭ്യര്‍ത്ഥിച്ചായിരുന്നു പോസ്റ്റ്.

ഈ പോസ്റ്റ് നിരവധി പേര്‍ പങ്കുവെച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസ് ഉടന്‍ കോട്ടയം കളക്ടറുമായി ബന്ധപ്പെട്ട് ഉടന്‍ പുതിയ സെെക്കിള്‍ വാങ്ങാന്‍ നിര്‍ദേശം നല്‍കി. റിപ്പബ്ലകി ദിന പരിപാടിക്ക് ശേഷം കളക്ടര്‍ എം അഞ്ജന സെെക്കിള്‍ ഷോപ്പിലെത്തി സെെക്കിള്‍ വാങ്ങി വീട്ടില്‍ നേരിട്ട് കൊണ്ടു കൊടുക്കുകായയിരുന്നു.

മോഷ്ടിക്കപ്പെട്ട സെെക്കിള്‍ കണ്ടെത്താന്‍ ജില്ലാ പൊലീസ് മേധാവിക്ക് കളക്ടര്‍ നിര്‍ദേശവും നല്‍കി. ഞങ്ങളുടെ സങ്കടം മനസിലാക്കിയതിന് ഒത്തിരി നന്ദിയുണ്ടെന്ന് സുനീഷ് പ്രതികരിച്ചു.

https://www.youtube.com/watch?v=FUDEZT-nIbA

 

 

By Binsha Das

Digital Journalist at Woke Malayalam