തിരുവനന്തപുരം
സോളർ പീഡനക്കേസ് സിബിഐ അന്വേഷണത്തിനു വിടാനുള്ള തീരുമാനം എടുത്തത് ആഭ്യന്തര മന്ത്രിയെന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഗസറ്റ് വിജ്ഞാപനം ഇറങ്ങിയത് 23 ന് ആണെങ്കിലും അന്നു കൂടിയ മന്ത്രിസഭയിലും ഇക്കാര്യം സൂചിപ്പിച്ചില്ല. അതിനു 2 ദിവസം മുൻപ് 20 ന് മന്ത്രിസഭ ചേർന്നെങ്കിലും ഈ വിഷയം വന്നില്ല.
തീരുമാനം എത്രമാത്രം ഫലപ്രദമാകുമെന്നു ഘടകകക്ഷി മന്ത്രിമാരിൽ ചിലർക്കെങ്കിലും സംശയമുണ്ട്. തിരിച്ചടിക്കുമെന്നു കരുതുന്നവരുമുണ്ട്. സോളർ തട്ടിപ്പു കേസിലെ പ്രതിയായ വനിതയിൽ നിന്നു ലഭിച്ച പരാതി അന്വേഷിക്കാനുള്ള അനുമതിയാണു സർക്കാർ സിബിഐക്കു നൽകിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഇറക്കിയ വിജ്ഞാപനം ഇനി കേന്ദ്ര പഴ്സനേൽ മന്ത്രാലയത്തിന് അയച്ചു കൊടുക്കും. അവർ അതു സിബിഐക്കു വിടും. കേസ് ഏറ്റെടുക്കണമോയെന്നു തീരുമാനിക്കേണ്ടതു സിബിഐ ആണ്. അവർ ഏറ്റെടുത്താൽ പുതിയതായി എഫ്ഐആർ റജിസ്റ്റർ ചെയ്യും.