Thu. Apr 25th, 2024
oommen_chandy

തിരുവനന്തപുരം:

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സോളാര്‍ കേസ് വീണ്ടും ചര്‍ച്ചയാകുന്നു. സോളാര്‍ കേസില്‍ പുതിയ രാഷ്ട്രീയ നീക്കമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്.  സോളാര്‍ പീഡനക്കേസുകൾ സിബിഐയ്ക്ക് വിട്ട് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി.

കോൺഗ്രസിലെ ഏറ്റവും ഉന്നത നേതാക്കൾക്കെതിരെയും ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനെതിരെയുമുള്ള ഏറ്റവും നി‌ർണായകമായ ആറ് കേസുകളാണ് ഇപ്പോൾ സിബിഐയ്ക്ക് കൈമാറിയിരിക്കുന്നത്.

ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനിൽകുമാർ, എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരായ പീഡനപ്പരാതികളെല്ലാമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്.

https://www.youtube.com/watch?v=LWB8vk3Gvjs

അടുത്തിടെ പരാതിക്കാരി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ നയപരമായ തീരുമാനം എടുത്തു. സര്‍ക്കാരിന്റെ ശുപാര്‍ശ ഉടന്‍ കേന്ദ്രത്തിന് അയയ്ക്കും.

ഇപ്പോഴത്തെ ഈ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും അഞ്ച് വര്‍ഷം എന്ത് ചെയ്തുവെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരിന്‍റെ ഈ തീരുമാനത്തിനെതിരെ താന്‍ കോടതിയില്‍ പോകുന്നില്ലെന്നും സിബിഐ അന്വേഷിക്കട്ടെയന്നും അദ്ദേഹം പ്രതികരിച്ചു. ചെയ്യാത്ത കുറ്റത്തെ കുറിച്ച് ഓര്‍ത്ത് ഭയമില്ല. എഫ് ഐ ആര്‍ ഇട്ടിട്ട് അഞ്ച് വര്‍ഷമായി ഒരു ചെറു വിരല്‍ അനക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

അതേസമയം,  ഇതൊരിക്കലും രാഷ്ട്രീയ പ്രേരിതമല്ലെന്നും താനുമൊരു സ്ത്രീ അല്ലെയെന്നും പരാതിക്കാരി ചോദിക്കുന്നു. സത്യം പുറത്തുവരണമെന്ന നിര്‍ബന്ധം മാത്രമാണുള്ളതെന്നും പരാതിക്കാരി പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam