Mon. Dec 23rd, 2024
വനിതാ സെക്യൂരിറ്റിക്ക് നേരെ അതിക്രമം: പ്രതിഷേധം തുടർന്ന് ജീവനക്കാർ
തിരുവന്തപുരം

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ വനിത സെക്യൂരിറ്റിയെ മർദ്ദിച്ച സംഭവത്തിൽ പ്രതിയെ പിടികൂടാത്തതിനെതിരെ ആശുപത്രി ജീവനക്കാരുടെ പ്രതിഷേധം. കഴിഞ്ഞ അഞ്ചാം തിയതിയാണ് ആശുപത്രിയിലെ സെക്യൂരിറ്റിയായ ബിന്ദുവിന്  മർദ്ദനമേൽക്കുന്നത്. സെക്യൂരിറ്റി ബിന്ദുവിന്റെ പരാതിയിൽ പൂവാർ സ്വദേശി റിഷാദിനെതിരെ നെയ്യാറ്റിൻകര  പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല.

പ്രസവ ചികിത്സാ വിഭാഗത്തിലേക്ക്  ഭാര്യയ്ക്കൊപ്പം പ്രവേശിക്കണമെന്ന ഇയാളുടെ ആവശ്യം ബിന്ദു നിരസിച്ചതാണ് മർദ്ദനത്തിൽ കലാശിച്ചത്. വാക്കുതർക്കത്തിനിടെ ബിന്ദുവിനെ ഇയാൾ മർദ്ദിക്കുകയായിരുന്നു. റിഷാദിന്റെ മർദ്ദനത്തിൽ ബിന്ദുവിന്റെ ഇടതുകൈക്ക് പൊട്ടലുണ്ടായി. അതിക്രമം തടയാനെത്തിയ മറ്റൊരു ജീവനക്കാരിക്കും പരിക്കേറ്റിരുന്നു.

തെളിവുസഹിതം പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിൽ പൊലീസിനെതിരെ ജീവനക്കാരുടെ പ്രതിഷേധം തുടരുന്നു.

ജീവനക്കാരുടെ സമരത്തിൽ രണ്ട് മണിക്കൂറിലേറെ ഒപിയുടെ പ്രവർത്തനം തടസ്സപ്പെട്ടു. എത്രയും പെട്ടെന്ന് പ്രതിയെ പിടികൂടിയില്ലെങ്കിൽ ആശുപത്രി സ്തംഭിപ്പിക്കുന്ന രീതിയിലേക്ക്  സമരം വ്യാപിപ്പിക്കുമെന്നായിരുന്നു മുന്നറിയിപ്പ്.

സംഭവത്തിൽ പ്രതിയായ റിഷാദ് ഒളിവിലാണെന്നും, ഇയാൾക്കായി അന്വേഷണം തുടരുകയാണെന്നും  ഉടൻ പിടിയിലാകും എന്നും നെയ്യാറ്റിൻകര പൊലിസ് പറഞ്ഞു.

https://youtu.be/_9bIBlz_VgI