ദമ്മാം:
സൗദി അറേബ്യ വനിതകളെ ജഡ്ജിമാരായി നിയമിക്കുന്നു. സ്ത്രീശാക്തീകരണത്തിെൻറ ഭാഗമായി വനിതകളെ ജഡ്ജിമാരായി നിയമിക്കാൻ ഒരുങ്ങുന്നതായി മാനവ വിഭവശേഷി സാമൂഹിക- വികസന മന്ത്രാലയത്തിലെ സ്ത്രീശാക്തീകരണ വിഭാഗം അണ്ടർ സെക്രട്ടറി ഹിന്ദ് അൽസാഹിദാണ് അറിയിച്ചത്. നിയമ- നീതിന്യായ നിർവഹണ വിഭാഗത്തിൽ മികച്ച പരിശീലനം സിദ്ധിച്ച വനിതകളെയാണ് നിയമിക്കുന്നത്. ഈയടുത്ത് നീതിവകുപ്പ് മന്ത്രി വലീദ് അൽസമാനിയും 100ഓളം വനിത നോട്ടറി ഉദ്യോഗസ്ഥകളെ നീതിന്യായ നിർവഹണ വിഭാഗത്തിൽ നിയമിക്കാൻ നിർദേശം നൽകിയിരുന്നു. നിയമനിർമാണം, നീതിന്യായം, കാര്യനിർവഹണം, സാമൂഹിക-സാംസ്കാരികം, സാങ്കേതികം തുടങ്ങി വിവിധ വകുപ്പുകളിൽ വനിതകളെ നിയമിച്ചിരുന്നു. വിവിധ മേഖലകളിലെ സ്ത്രീശാക്തീകരണം ഊർജിതമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വനിതകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതടക്കമുള്ള നിരവധി പദ്ധതികൾ മന്ത്രാലയത്തിന് കീഴിൽ നടപ്പാക്കിവരുകയാണെന്നും ഹിന്ദ് അൽസാഹിദ് പറഞ്ഞു.