മലപ്പുറം:
കഴിഞ്ഞ മൂന്നുമാസമായി മലപ്പുറം ജില്ലയിലെ താനൂര്‍, തിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ അര്‍ധരാത്രി മുഖം മറച്ച് ആയുധങ്ങളുമായി നടന്നു മോഷണം നടത്തിയിരുന്നയാൾ ഒടുവിൽ പിടിയിലായി. ഒഴൂര്‍ കുട്ടിയമാക്കാനകത്തു വീട്ടില്‍ ഷാജഹാ(55)നെയാണ് താനൂര്‍ പോലീസിലെ പ്രത്യേകാന്വേഷണ സംഘം തമിഴ്നാട്ടിലെ ഏര്‍വാടിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.
2020 ഒക്ടോബര്‍ മുതലാണ് താനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്ഥലങ്ങളിൽ മുഖം മറച്ച്, ഷര്‍ട്ട് ധരിക്കാതെ, ബാഗ് തോളില്‍ തൂക്കി കൈയില്‍ ആയുധവുമായി സ്ഥിരമായി രാത്രി കറങ്ങി നടന്നത്. ഈ കാഴ്ച പലയിടങ്ങളിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞെങ്കിലും ആളെ തിരിച്ചറിയാനായില്ല. കടകളുടെ പൂട്ടുകള്‍ തകര്‍ക്കുക, സിസിടിവി ക്യാമറകള്‍ തകര്‍ക്കുക, വീടുകളുടെ വാതിലുകളും ഗ്രില്ലുകളും പൊളിക്കുക എന്നിങ്ങനെയായി ദിവസവും വിവിധ സംഭവങ്ങളുണ്ടായത് നാട്ടുകാരെയും പോലീസിനെയും വട്ടംകറക്കി.
കളവുപോയ ഒരു മൊബൈല്‍ ഫോണില്‍നിന്ന് ആന്ധ്രപ്രദേശില്‍വെച്ച് ഒരു ഫോണ്‍കാള്‍ പോയതായി സൈബര്‍ സെല്‍ വഴി കണ്ടെത്തിയതാണ് അന്വേഷണത്തില്‍ തുമ്പായത്. ഫോണ്‍വിളിച്ച ആന്ധ്രാ സ്വദേശികളുടെ വിവരങ്ങള്‍ ഒരു മാസത്തോളം വിശദമായി പരിശോധിച്ചു.
ഷാജഹാനെ കുരുക്കാന്‍ അന്വേഷണ സംഘാംഗങ്ങളായ സലേഷും സബറുദ്ധീനും പോയത് വേഷംമാറി. മുംതാസ് എന്ന സ്ത്രീയുടെ ലോഡ്ജില്‍ താമസിക്കുന്ന ഷാജഹാനെ കണ്ടെത്തി. പിടിയിലായപ്പോഴും പോലീസാണെന്ന് വെളിപ്പെടുത്തിയിട്ടും കള്ളന് അത് വിശ്വാസമായിരുന്നില്ല.
ആയുസ്സിന്റെ പകുതിയും ഷാജഹാന്‍ ജയിലിലാണ് കഴിഞ്ഞത്. 55 വയസ്സിനിടെ 27 വര്‍ഷം പലമോഷണക്കേസുകളിലായി ജയിലിലായിരുന്നു. ഒരു സ്‌ക്രൂഡ്രൈവറും കമ്പിപ്പാരയും മാത്രം ഉപയോഗിച്ച് തകര്‍ത്ത പൂട്ടുകള്‍ നിരവധിയാണ്. കയറുന്ന വീടുകളില്‍ നിന്ന് ചെരിപ്പുകളെടുത്തു കൊണ്ടുപോവും. നല്ലത് കിട്ടിയാല്‍ അതെടുത്ത് പഴയത് ഉപേക്ഷിക്കും.
https://www.youtube.com/watch?v=vdy56biAAzU