ചണ്ഡിഗഡ്:
വിവാദ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്‌തെങ്കിലും റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ പരേഡ് നടത്താനുള്ള നീക്കത്തില്‍ ഉറച്ച് കര്‍ഷക സംഘടനകള്‍.
കോടതി വിധി വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അമൃത്സറില്‍നിന്ന് നൂറുകണക്കിന് ട്രാക്ടര്‍ ട്രോളികളാണ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലേക്കു തിരിച്ചത്. ജനുവരി ഇരുപതോടെ കൂടുതല്‍ ട്രാക്ടറുകള്‍ അയയ്ക്കാനാണ് കര്‍ഷകരുടെ തീരുമാനം. വാഹനങ്ങള്‍ അയയ്ക്കാത്തവരില്‍നിന്നു പിഴ ഈടാക്കാനും അവര്‍ക്കു സമൂഹവിലക്ക് ഏര്‍പ്പെടുത്താനും ആലോചനയുണ്ട്.