പത്തനാപുരം∙ പിന്നണി ഗായികയും നാടക, ചലച്ചിത്ര നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായിരുന്ന പാലാ തങ്കം (84) അന്തരിച്ചു. ഏറെ നാളുകളായി പത്തനാപുരം ഗാന്ധിഭവനില്‍ പാലിയേറ്റീവ് കെയര്‍ വിഭാഗത്തിൽ വാര്‍ധക്യസഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി 7.35നാണ് അന്ത്യം.
കോട്ടയം വേളൂര്‍ തിരുവാതുക്കല്‍ ശരത്ചന്ദ്രഭവനില്‍ കുഞ്ഞുക്കുട്ടന്‍-ലക്ഷ്മിക്കുട്ടി ദമ്പതികളുടെ മകളായി 1941 ഫെബ്രുവരി 26ന് ജനിച്ച രാധാമണി പില്‍ക്കാലത്ത് പാലാ തങ്കം എന്ന പേരില്‍ കലാരംഗത്ത് അറിയപ്പെടുകയായിരുന്നു. ഏഴാംതരം വരെ മാത്രം പഠിച്ചിട്ടുള്ള തങ്കം, ജോണ്‍ ഭാഗവതര്‍, രാജഗോപാലന്‍ ഭാഗവതര്‍, വിജയന്‍ ഭാഗവതര്‍ എന്നിവരുടെ ശിക്ഷണത്തില്‍ പത്തു വയസ്സുള്ളപ്പോള്‍ മുതല്‍ സംഗീതപഠനത്തില്‍ ശ്രദ്ധയൂന്നി. തുടര്‍ന്ന് ചങ്ങനാശ്ശേരിയില്‍ എല്‍.പി.ആര്‍. വര്‍മ്മയുടെ ശിക്ഷണത്തില്‍ സംഗീതപഠനം നടത്തി.
