Fri. Nov 22nd, 2024
ചെന്നെെ

വായ്പ ആപ്പ് തട്ടിപ്പില്‍ ഐടി കമ്പനി ഉടമകളും മൊബെെല്‍ കമ്പനി ഉദ്യോഗസ്ഥരും ചെന്നെെയില്‍ അറസ്റ്റില്‍. രേഖകളില്ലാതെ മൊബെെല്‍ കമ്പനി ആയിരം സിംകാര്‍ഡുകള്‍ ആപ്പുകാര്‍ക്ക് നല്‍കി. ക്വിക് ക്യാഷ്, മെെ കാഷ്, ക്വിക് ലോണ്‍ തുടങ്ങിയ ആപ്പുകള്‍ക്ക് പിന്നില്‍ ഇവരാണെന്ന് കണ്ടെത്തി.ഇടപാടപകാരെ ഭീഷണിപ്പെടുത്തുന്നതിന് ബെംഗളൂരുവില്‍ കോള്‍ സെന്‍ററും നടത്തി.

അസാക്കസ് ടെക്നോ സൊലൂഷന്‍സ് ഉടമകളായ എസ്. മനോജ് കുമാര്‍ ,എസ് കെ. മുത്തുകുമാര്‍, മൊബൈല്‍ കമ്പനി ടെറിഷറി സെയില്‍സ് മാനേജര്‍ സിജാഹുദ്ദീന്‍, വിതരണക്കാരന്‍ ജഗദീഷ് എന്നിവരെ ചെന്നൈ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ആണ് അറസ്റ്റ് ചെയ്തത്.

ചെന്നെെ സ്വദേശിയായ ഗണേഷ് എന്നയാള്‍ 50,000 രൂപ ഓണ്‍ലെെന്‍ വായ്പആപ്പില്‍ നിന്ന് ലോണ്‍ എടുത്തിരുന്നു. പിന്നീട് നാലരലക്ഷം രൂപ തിരിച്ചടയ്ക്കണം എന്നാവശ്യപ്പെട്ടുകാണ്ട് ഭീഷണി വന്നതോടുകൂടി ഗണേഷ് ചെന്നെെ സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കി. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ ആപ്പുകളെല്ലാം നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്തിയത്.

ഇതേ സമയം കേരളത്തിൽ ഓണ്‍ലൈന്‍ വായ്പാ ആപ്പുകളുടെ കൊള്ളയില്‍ ഇടപെട്ട് ധനവകുപ്പ്. ആപ്പുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതെങ്ങനെ എന്ന് പരിശോധിക്കാന്‍ ധനമന്ത്രി തോമസ് ഐസക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇത്തവണത്തെ ബജറ്റിനുള്ളില്‍ തന്നെ പ്രതിവിധി നിര്‍ദേശിക്കാനാണ് ശ്രമിക്കുന്നതെന്ന് തോമസ് ഐസക് വ്യക്തമാക്കി.

കേസില്‍ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി. തട്ടിപ്പിലൂടെ ശേഖരിച്ച പണം രാജ്യത്തിന് പുറത്തേക്ക് കടത്തിയെന്ന് വ്യക്തമായതോടുകൂടെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡി കേസ് എടുത്തു. മൂന്ന് ചൈനീസ് സ്വദേശികളടക്കം മുപ്പതിലധികം പേരാണ് ഇതുവരെ വിവിധ കേസുകളിലായി തെലങ്കാനയിലും കർണാടകത്തിലും ചെന്നൈയിലുമായി അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചായണ് ചെെനീസ് സ്വദേശികള്‍ ബംഗളൂരുവില്‍ അറസ്റ്റില്‍ ആകുന്നത്. ഈസി ക്യാഷ്, റാപ്പിഡ് ലോണ്‍, അറോറ ലോണ്‍, ഡീ മണി തുടങ്ങി എട്ട് ആപ്പുകള്‍ നടത്തിയിരുന്നത് ഇവരാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കൊള്ളപ്പലിശയീടാക്കി ആപ്പുകൾ വഴി വായ്പ നല്‍കിയ കമ്പനികൾ ഇതിനോടകം 21,000 കോടി രൂപ തട്ടിച്ചെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. പല ആപ്പുകളുടെയും തലപ്പത്ത് ചൈനീസ് സ്വദേശികളാണെന്ന് തെലങ്കാന പോലീസിന്‍റെ അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് കേന്ദ്ര ഏജന്‍സി വിഷയം പരിശോധിച്ചത്. തട്ടിപ്പിലൂടെ ശേഖരിച്ച തുക ബിറ്റ് കോയിനില്‍ നിക്ഷേപിച്ച് രാജ്യത്തില്‍നിന്നും കടത്തിയെന്നും വ്യക്തമായതോടെ ഇഡി നടപടി തുടങ്ങി. തെലങ്കാനയില്‍ ആകെ രജിസ്റ്റർ ചെയ്ത 37 കേസുകളുടെ വിവരങ്ങളും ഇഡി ശേഖരിച്ചു.കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ആദ്യകേസ് രജിസ്റ്റർ ചെയ്തത്.

രാജ്യവ്യാപകമായി നടന്ന തട്ടിപ്പായതിനാല്‍ അന്വേഷണം തെലങ്കാനിയലൊതുങ്ങില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചൈനീസ് പൗരന്‍മാരായ 3 പേരാണ് ഇതുവരെ കേസില്‍ അറസ്റ്റിലായത്. ചിലർ രാജ്യം വിട്ടെന്ന് പോലീസിന് വിവരമുണ്ട്. 35 ശതമാനം വരെ പലിശയീടാക്കുന്ന ആപ്പുകൾ വഴി ആയിരക്കണക്കിന് പേരാണ് വായ്പയെടുത്ത് കടക്കെണിയിലായത്. കമ്പനിക അധികൃതർ തിരിച്ചടവ് മുടങ്ങുന്നവരെ വിളിച്ച് ഭീഷണിപ്പെടുത്തുകയും സ്വകാര്യ വിവരങ്ങളുപയോഗിച്ച് അപവാദ പ്രചരണം നടത്തുകയും പതിവായിരുന്നു. അപവാദ പ്രചാരണത്തില്‍ മനം നൊന്ത് 5 പേരാണ് ഇതുവരെ തെലങ്കാനയില്‍ മാത്രം ആത്മഹത്യ ചെയ്തത്.

https://youtu.be/1UWVZOlC29M