തിരുവനന്തപുരം:
സിഎജി റിപ്പോർട്ട് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും റിപ്പോർട്ട് അസാധാരണ സാഹചര്യമാണ് സംസ്ഥാനത്ത് സൃഷ്ടിച്ചിട്ടുള്ളതെന്നും ധനമന്ത്രി തോമസ് ഐസക്. കേരളത്തിന്റെ വികസനത്തിന് വലിയൊരു അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും അസാധാരണ നടപടികളും ഇനി വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയെ കുറിച്ചുള്ള പരാമർശത്തിൽ സർക്കാരിൻറെ അഭിപ്രായം അറിയാതെയാണ് റിപ്പോർട്ടിൽ നാല് പേജ് എഴുതി ചേർത്തതെന്നും ധനമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കരട് റിപ്പോർട്ടി ൽ കിഫ്ബിയെ കുറിച്ച് രണ്ട് ഖണ്ഡിക മാത്രമാണുള്ളത്. ഇല്ലാത്ത കാര്യം കൂടുതലായി എഴുതിച്ചേർത്തതിലൂടെ സിഎജി നിയമസഭയെ അവഹേളിച്ചതായും തോമസ് ഐസക് പറഞ്ഞു. സർക്കാരിനെതിരെ ഒളിയുദ്ധം നടത്തേണ്ട കേന്ദ്രമല്ല സി എ ജി ഓഫീസ്. സിഎജി ഓഫീസിൽ നിന്നും വാർത്തകുറിപ്പുകൾ ചോരുന്നുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി. തനിക്കെതിരായ അവകാശ ലംഘന നോട്ടീസിന് കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം അറിയിച്ചു.
നിഗമനങ്ങള്‍ ഏകപക്ഷീയമായ അടിച്ചേല്‍പ്പിക്കാന്‍ ഭരണഘടന അധികാരവും അവകാശവും നല്‍കുന്നില്ല. നിയമസഭയില്‍ വെക്കുന്നതിന് മുമ്പ് റിപ്പോര്‍ട്ട് തുറക്കാന്‍ പാടില്ലെന്ന് എവിടെയാണ് വ്യവസ്ഥ ചെയ്തിട്ടുള്ളതെന്നും ധനമന്ത്രി ചോദിച്ചു.