ഡൽഹി:
ബിഹാർ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത നഷ്ടത്തിൽ കോൺഗ്രസ്സ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് കപിൽ സിബൽ. ജനം കോൺഗ്രസിനെ ബിജെപിയ്ക്ക് ബദലായി കാണുന്നതേയില്ലെന്നും ശക്തികേന്ദ്രങ്ങളായിരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോലും പാർട്ടിയുടെ പ്രസക്തി നഷ്ടമാകുകയാണെന്നും കപിൽ സിബൽ വിമർശിച്ചു. നേതൃത്വം ആത്മപരിശോധന നടത്തുന്നില്ല. പരാജയ കാരണം അന്വേഷിക്കുന്നതേയില്ല.
പാർട്ടിയിൽ പ്രതികരിക്കാൻ വേദിയില്ലാത്തതിനാലാണ് പരസ്യപ്രതികരണങ്ങൾ നടത്തേണ്ടി വരുന്നതെന്നും സിബൽ പറഞ്ഞു. ബിഹാറിൽ കോൺഗ്രസ്സ് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ആർ ജെ ഡി യ്ക്കും ഇടത്പക്ഷത്തിനുമൊപ്പം മഹാസംഖ്യത്തിൽ മത്സരിച്ച കോൺഗ്രസ്സ് നേടിയത് 70ൽ 19 സീറ്റ് മാത്രമാണ്.
അതേസമയം, ആർജെഡി 75 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും ഇടത് പക്ഷം വലിയ മുന്നേറ്റം കാഴ്ചവെയ്ക്കുകയും ചെയ്തു. കോൺഗ്രസ്സിന്റെ തോൽവിയാണ് മഹാസഖ്യത്തിന് പരാജയം നേടിക്കൊടുത്തത്.