Thu. Apr 25th, 2024
JDU Leader Nitish Kumar

പാറ്റ്ന:

ബിഹാറിൽ നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ജെഡിയു. പാർട്ടി തീരുമാനം നിതീഷ് തന്നെ മുഖ്യമന്ത്രിയാകണമെന്നാണെന്ന് ജെ‍ഡിയു സംസ്ഥാന അധ്യക്ഷൻ വസിഷ്ഠ് നാരായൺ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

നിതീഷ് കുമാർ വ്യക്തി മാത്രമല്ല പാർട്ടി നേതാവ് കൂടിയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ധാർമ്മികത ചർച്ചയാക്കേണ്ടതില്ലെന്നും വസിഷ്ഠ് നാരായൺ സിംഗ് വ്യക്തമാക്കി.

മുന്നണിയിൽ സീറ്റ് കുറഞ്ഞത് മുഖ്യമന്ത്രി സ്ഥാനത്തിന് തടസമല്ലെന്നാണ് ജെ‍ഡിയു നിലപാട്. എന്നാല്‍, ജെഡിയുവിനെക്കാള്‍ 74 സീറ്റ് ബിജെപി നേടിയപ്പോള്‍ ജെഡിയു 43 ലേക്ക് ചുരുങ്ങുകയായിരുന്നു. അതിനാല്‍ മുഖ്യമന്ത്രി സ്ഥാനം ബിജെപി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇന്നലെ തന്ന ഏറെക്കുറെ വ്യക്തമായിരുന്നു. എന്നാല്‍ നിതീഷ് കുമാറിന്‍റെ നിലപാട് നിര്‍ണായകമാകും.

ബിഹാറില്‍ എന്‍ഡിഎ ഭരണത്തില്‍ തുടരുകയാണെങ്കില്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍ തന്നെയെന്ന്‌ മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത്‌ ഷാ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ പ്രഖ്യാപിത നിലപാട്‌ തന്നെ തുടരുമെന്ന്‌ അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു. പക്ഷേ എന്‍ഡിഎ ദേശീയ നേതൃത്വം നിതീഷിന്‍റെ ധാര്‍മികതയ്ക്ക് അനുസരിച്ച് തീരുമാനമെടുക്കാമെന്നാണ് ഇന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ഇന്നലെ രാവിലെ മുതല്‍ ലീഡ് നില മാറിമറിഞ്ഞ് പുലര്‍ച്ചെ 4.10 ഓടെ അന്തിമഫലം വന്നപ്പോള്‍ കേവല ഭൂരിപക്ഷത്തെക്കാള്‍ മൂന്ന് സീറ്റ് അധികം നേടിയാണ് എന്‍ഡിഎ ഭരണം ഉറപ്പിച്ചത്. ആര്‍ജെഡി നയിക്കുന്ന മഹാസഖ്യവും എന്‍ഡിഎയും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു കാഴ്ചവെച്ചത്.

എന്‍ഡിഎയ്ക്ക് 125 സീറ്റുകളാണ് ലഭിച്ചത്. ആര്‍ജെഡി നയിക്കുന്ന മഹാസഖ്യത്തിന് 110 സീറ്റുകള്‍ ലഭിച്ചു. ബിജെപി ബിഹാറിലെ ഏറ്റവും വലിയ സഖ്യകക്ഷിയായി ഉയരുമെന്ന് ഉറപ്പായിരുന്നെങ്കിലും 75 സീറ്റുകള്‍ സ്വന്തമാക്കിയ ആര്‍ജെഡി തന്നെയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍, എന്‍ഡിഎയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറി.

അതേസമയം, 70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയത്. 19 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. എന്നാല്‍, ഇടതുപാര്‍ട്ടികള്‍ വലിയൊരു മുന്നേറ്റം തന്നെ കാഴ്ചവെച്ചു. സിപിഎം(എല്‍) 19 സീറ്റില്‍ മത്സരിച്ചതില്‍ 12 സീറ്റുകള്‍ നേടി. 6 സീറ്റില്‍ മത്സരിച്ച സിപിഐ 2 സീറ്റുകള്‍ നേടിയപ്പോള്‍ 4 സീറ്റുകളില്‍ മത്സരിച്ച സിപിഎം 2 സീറ്റുകള്‍ നേടി.

 

By Binsha Das

Digital Journalist at Woke Malayalam