Fri. Mar 29th, 2024
Digvijay Singh invited Nitish Kumar to MGB
പട്ന:

ജെ ഡി യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ച് കോൺഗ്രസ്സ്. ബിജെപി ബന്ധം അവസാനിപ്പിച്ച് ബിഹാറില്‍ തേജസ്വിയെ പിന്തുണക്കാന്‍ നിതീഷ് തയ്യാറാകണമെന്ന് കോൺഗ്രസ്സ് നേതാവ് ദിഗ് വിജയ് സിങ്ങ് ട്വീറ്റ് ചെയ്തു. ദേശീയ തലത്തില്‍ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകാന്‍ നിതീഷ് തയ്യാറാകണമെന്നാണ് ദിഗ് വിജയ് സിങ്ങ് ട്വീറ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

ബിജെപിയും സംഘപരിവാറും ഇത്തിള്‍ക്കണ്ണി പോലെയാണ്. ആശ്രയം കൊടുക്കുന്ന മരത്തെ അത് നശിപ്പിക്കും. ബിഹാറില്‍ ജെഡിയുവില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇതാണ്. ലാലുപ്രസാദ് യാദവിനൊപ്പം പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് ജയില്‍ വാസം അനുഭവിച്ചിട്ടുള്ളയാളാണ് നിതീഷ്. ബിഹാറില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം ഉറപ്പാക്കിയെങ്കിലും ബിജെപി വലിയ കക്ഷിയായതോടെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി സഖ്യത്തില്‍ ആശയക്കുഴപ്പമുള്ളതായി റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് ദിഗ് വിജയ് സിങ്ങിന്റെ ആഹ്വാനം വരുന്നത്‌.

ബിജെപി വലിയ കക്ഷിയായി മാറിയതോടെ മുഖ്യമന്ത്രിയാകണോ എന്നതില്‍ നിതീഷിന് ധാര്‍മ്മികത അനുസരിച്ച് തീരുമാനിക്കാമെന്നാണ് ബിജെപി സംസ്ഥാന ഘടകം പ്രതികരിച്ചത്. അന്തിമഫലം വന്ന് അഞ്ച് മണിക്കൂര്‍ പിന്നിട്ടിട്ടും ഇതുവരെയും മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഒരു പ്രതികരണത്തിനും തയ്യാറായിട്ടില്ല.

By Arya MR