അമേരിക്കൻ പ്രസിഡന്റ് പദത്തിനരികെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ എത്തിയതിൽ അരിശം പൂണ്ട് നിയന്ത്രണം വിട്ടു നിൽക്കുകയാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബൈഡൻ ജയിക്കുകയാണെങ്കിൽ പോലും പ്രസിഡന്റ് പദവി വിട്ടു നൽകില്ലെന്ന് ട്രംപ് നേരത്തെ പറഞ്ഞ പ്രസ്താവന നടപ്പാക്കാൻ പോകുകയാണോ എന്നാണ് ലോകം സംശയിക്കുന്നത്. താൻ ജയിക്കുന്നില്ലെന്ന് കണ്ടപ്പോൾ അമേരിക്കൻ തിരഞ്ഞെടുപ്പിനെ പഴിചാരി ഇറങ്ങിയിരിക്കുകയാണ് ട്രംപ്. ബൈഡൻ ജയിക്കാൻ കാരണം തിരഞ്ഞെടുപ്പിൽ നടന്ന അട്ടിമറിയാണെന്ന് ആരോപിച്ച് ട്രംപ് ട്വീറ്റുകളുടെ ഡാം തന്നെ തുറന്നുവിട്ടിരിക്കുകയാണ്.
“ഞങ്ങളുടെ അഭിഭാഷകര്‍ ”അര്‍ത്ഥവത്തായ പ്രവേശനം” ആവശ്യപ്പെട്ടിട്ടുണ്ട്, എന്നാല്‍ അത്‌കൊണ്ടെന്ത് ഗുണം? നമ്മുടെ വ്യവസ്ഥയുടെ ധര്‍മ്മനീതിക്കും പ്രസിഡന്റ് തിരഞ്ഞെടുപ്പിനും തന്നെ ക്ഷതം സംഭവിച്ചിരിക്കുകയാണ്. ഇതാണ് ചര്‍ച്ച ചെയ്യേണ്ടത്!” എന്നാണ് അദ്ദേഹം ഏതാനും മണിക്കൂര്‍ മുമ്പ് ട്വീറ്റ് ചെയ്തത്.
പെൻസിൽവാനിയയിൽ തുടക്കത്തിൽ ബൈഡൻ മുന്നേറുന്നത് കണ്ടെങ്കിലും പിന്നീട ട്രംപ് ലീഡ് പിടിച്ചെടുത്തിരുന്നു. എന്നാൽ, വീണ്ടും ബാലറ്റുകൾ ബൈഡന് തുണയായപ്പോൾ അവിടുത്തെ പോളിങ്ങില്‍ പൂര്‍ണ്ണമായ അവിശ്വാസവും ട്രംപ് പ്രകടിപ്പിച്ചു. പെന്‍സില്‍വാനിയ അറ്റോര്‍ണി ജനറല്‍ മാറി നില്‍ക്കണമെന്നാണ് അദ്ദേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, ഫ്ലോറിഡ അടക്കമുള്ള സുപ്രധാന ചാഞ്ചാട്ട സംസ്ഥാനങ്ങൾ കയ്യടക്കിയപ്പോൾ വിജയം ഉറപ്പിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. താൻ വിജയിച്ചതായി സ്വയം പ്രഖ്യാപിച്ച ട്രംപ് മറ്റുള്ള സംസ്ഥാനങ്ങളിലെ വോട്ടുകൾ ഇനി എണ്ണേണ്ട ആവശ്യമില്ലെന്നും പ്രഖ്യാപിച്ചിരുന്നു. കൂടാതെ, ബൈഡൻ വിജയിച്ച വിസ്കോൺസിനിൽ വോട്ടെണ്ണൽ വീണ്ടും നടത്തണമെന്നും മൂന്ന് സംസ്ഥാനങ്ങളിലെ വോട്ടിൽ സംശയമുണ്ടെന്നും ചൂണ്ടിക്കാട്ടി ട്രംപ് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
അത് കൂടാതെയാണ് അമേരിക്കയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയെ അവഹേളിച്ചുകൊണ്ട് ട്രംപ് ട്വീറ്റുകൾ നിരന്തരം നടത്തുന്നത്. ഒടുവിൽ ട്വിറ്റർ തന്നെ ഇത്തരത്തിലുള്ള പല ട്വീറ്റുകളും മറച്ചു കളഞ്ഞു.
തനിക്ക് വ്യക്തമായ മുന്നേറ്റമുണ്ടായിരുന്ന സംസ്ഥാനങ്ങളില്‍ ലീഡ് മാറിമറിയുന്നത് എങ്ങനെയാണെന്നും അവസാന ഘട്ടം ലീഡ് നിലയില്‍ വന്ന മാറ്റങ്ങള്‍ വിചിത്രമാണെന്നുമാണ് ട്രംപിന്റെ നിലപാട്.
അതേസമയം, ട്രംപിൻ്റെ അവകാശവാദങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചു കൊണ്ട് ബൈഡൻ പക്ഷവും രംഗത്തുവന്നിരുന്നു. ട്രംപിൻ്റെ വാദം തെറ്റാണെന്നും പ്രകോപനപരവുമാണെന്നും ബൈഡൻ്റെ ക്യാമ്പയിൻ മാനേജർ പ്രതികരിച്ചു. അഭൂതപൂർവവുമായ വാദമാണിതെന്നും ചൂണ്ടിക്കാട്ടി. വോട്ടെണ്ണി തീരുന്നതിന് മുൻപേയുള്ള ട്രംപിൻ്റെ വിജയ പ്രഖ്യാപനത്തിനെതിരെ റിപ്പബ്ലിക്കൻസും രംഗത്തെത്തിയിരുന്നു. എല്ലാ വോട്ടുകളും പരിഗണിക്കണമെന്നു റിപ്പബ്ലിക്കൻസ് അടക്കമുള്ളവർ ആവശ്യപ്പെട്ടു. വോട്ടെണ്ണൽ നിർത്തണമെന്ന ട്രംപിന്റെ വാദത്തിനെതിരെ അമേരിക്കൻ തെരുവുകളിൽ പ്രതിഷേധവും നടക്കുന്നു. അമേരിക്കയിൽ ഇരുപക്ഷവും തെരുവിലിറങ്ങി. “വോട്ടുകൾ എണ്ണു എന്ന മുദ്രാവാക്യവുമായി ആണ് നഗരങ്ങളിൽ പ്രതിഷേധം. ന്യൂയോർക്കിലും ബോസ്റ്റണിലും ഡെമോക്രാറ്റുകൾ തെരുവിൽ പ്രതിഷേധം നടത്തുകയാണ്.
270 ഇലക്ട്രല്‍ വോട്ടുകളെന്ന മാന്ത്രിക സംഖ്യയിലേക്ക് ട്രംപാണോ ബൈഡനാണോ ആദ്യമെത്തുന്നകയെന്ന് ഉറ്റുനോക്കുകയാണ് ലോകം. 264ൽ എത്തിയ ബൈഡൻ തന്നെ അമേരിക്കയുടെ അടുത്ത പ്രസിഡന്റ് ആകുമെന്ന് തന്നെ ഇപ്പോൾ അനുമാനിക്കാം. കാരണം, ട്രംപിന് 214 ഇലക്ടറൽ വോട്ടുകൾ മാത്രമേ ഇപ്പോൾ ഒള്ളു.