Tue. Apr 23rd, 2024
brother Murugan to HC
കോഴിക്കോട്‌:

വയനാട്ടില്‍ തണ്ടര്‍ബോള്‍ട്ട്‌ സംഘം വെടിവെച്ചു കൊന്ന മാവോവവാദി വേല്‍മുരുഗന്റെ മരണം ആസൂത്രിതമെന്ന്‌ സഹോദരന്‍ മുരുഗന്‍. വ്യാജ ഏറ്റമുട്ടലാണെന്ന്‌ സംശയിക്കാന്‍ കാരണങ്ങളുണ്ട്‌. കേസില്‍ അന്വേഷണം ആവശ്യപ്പെട്ട്‌ നാളെത്തന്നെ മധുര ഹൈക്കോടതിയെ സമീപിക്കും. കോഴിക്കോട്‌ മെഡിക്കല്‍ കോളെജില്‍ വേല്‍മുരുഗന്റെ മൃതദേഹം കണ്ട ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുരുഗന്‍.

വളരെ അടുത്തു നിന്ന്‌ വെടിയുതിര്‍ത്തതാണെന്ന്‌ സംശയിക്കാവുന്ന തരത്തിലാണ്‌ ശരീരത്തിലെ വെടിയുണ്ടയുടെ പാടുകളെന്ന്‌ മുരുഗന്‍ പറഞ്ഞു. കൈയിലും നെഞ്ചിലും വയറ്റിലും നിറയെ പരുക്കുപറ്റിയിട്ടുണ്ട്‌.

വേല്‍മുരുഗന്റെ ശരീരം മുഴുവനായി കാണാന്‍ തന്നെ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മോര്‍ച്ചറിയിലെത്തിയപ്പോള്‍ മുഖം മാത്രമാണ്‌ ആദ്യം കാണിച്ചത്‌. പിന്നീട്‌ നിര്‍ബന്ധിച്ചപ്പോഴാണ്‌ മൃതശരീരത്തിലെ തുണി പിന്നീട്‌ നിര്‍ബന്ധിച്ചപ്പോഴാണ്‌ മൃതശരീരത്തിലെ തുണി മാറ്റിത്തന്നതെന്നും മുരുഗന്‍ പറഞ്ഞു. മാതാപിതാക്കളും ഇയാള്‍ക്കൊപ്പം എത്തിയിരുന്നു.

മധുര ജില്ലയിലെ തേനി സ്വദേശിയാണ്‌ വേല്‍മുരുഗന്‍. മാവോയിസ്‌റ്റ്‌ സംഘടനയായ സിപിഎം മാവോയിസ്‌റ്റിന്റെ കബനിദളം രണ്ടിലെ അംഗമാണിയാള്‍. ആസാദ്‌ എന്ന പേരിലാണ്‌ ഇയാള്‍ അറിയപ്പെടുന്നത്‌. തമിഴ്‌നാട്ടിലെ ക്യു ബ്രാഞ്ച്‌ പോലിസാണ്‌ വേല്‍മുരുഗന്‍ ആണ്‌ മരിച്ചതെന്ന്‌ സ്ഥിരീകരിച്ചത്‌.

ചൊവ്വാഴ്‌ച രാവിലെയാണ്‌ വയനാട്‌ പടിഞ്ഞാറത്തറയിലെ ബാണാസുര മലയില്‍ വെടിവെപ്പ്‌ നടന്നത്‌. മാവോയിസ്‌റ്റ്‌ വിരുദ്ധപോരാട്ടത്തിനു രൂപം കൊടുത്ത പ്രത്യേക സായുധപോലിസ്‌ വിഭാഗം തണ്ടര്‍ബോള്‍ട്ട്‌ സംഘമാണ്‌ വേല്‍മുരുഗനെ വെടിവെച്ചുവീഴ്‌ത്തിയത്‌.