കൊച്ചി:
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. അടുത്ത ബുധനാഴ്ച വരെയാണ് കസ്റ്റഡി നീട്ടിയത്. സ്വർണ്ണക്കടത്തും ലൈഫ് മിഷനും തമ്മിൽ ബന്ധമുണ്ടെന്നും ലൈഫ് പദ്ധതിയിലെ പ്രധാന രേഖകൾ സ്വപ്ന സുരേഷിന് കൈമാറിയതായും ഇഡി കോടതിയിൽ പറഞ്ഞു. സർക്കാർ രഹസ്യ രേഖകൾ സ്വപ്നയ്ക്ക് വാട്സാപ്പിലൂടെ കൈമാറിയതായാണ് ഇഡി വെളിപ്പെടുത്തിയത്. അതേസമയം തനിക്ക് ആവശ്യത്തിന് വിശ്രമം അനുവദിച്ചെന്നും കസ്റ്റഡിയിൽ പീഡിപ്പിച്ചിട്ടില്ലെന്നും ശിവശങ്കർ ഇന്ന് കോടതിയെ അറിയിച്ചു.
ഇത് കൂടാതെ സ്മാർട്ട് സിറ്റി, കെ ഫോൺ, ലൈഫ് മിഷൻ എന്നീ പദ്ധതികളിൽ സ്വപ്നയുടെ സജീവ ഇടപെടലുണ്ടായിരുന്നുവെന്നും ഇഡി വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് കേസിലെ മറ്റ് പ്രധാന പ്രതികളുമായും ശിവശങ്കറിന് ബന്ധമുണ്ടായിരുന്നുവെന്നാണ് ഇഡി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. കോൺസുലേറ്റ് ജീവനക്കാരനായ ഖാലിദുമായും ശിവശങ്കറിന് അടുപ്പമുണ്ടായിരുന്നതായും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു.