Sat. Apr 20th, 2024
M Sivasankar fifth accused in Life Mission case

 

കൊച്ചി:

വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവനനിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ പ്രതി ചേർത്തു. കേസിൽ ശിവശങ്കർ അഞ്ചാം പ്രതിയാണ്. സ്വപ്ന സുരേഷ്, പി എസ് സരിത്ത്, സന്ദീപ് നായർ എന്നിവർ കേസിൽ യഥാക്രമം ആറ്, ഏഴ്, എട്ട് പ്രതികളാണ്.

കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് വിജിലൻസ് കോടതിക്ക് കൈമാറി. കമ്മീഷനായി സർക്കാർ ഉദ്യോഗസ്ഥൻ ഫോൺ വാങ്ങുന്നതും കോഴയായി കണക്കാക്കണമെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്. യുണി ടാക് / സെയ്ൻ വെഞ്ചേഴ്സ് എന്നീ കമ്പനികളെയും, കേസിൽ ബന്ധമുള്ള മറ്റ് ഉദ്യോഗസ്ഥരെയും വ്യക്തികളെയും കുറിച്ചാണ് ആദ്യ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്.

ലൈഫ് മിഷൻ കരാർ ലഭിക്കാൻ നാല് കോടി നാൽപ്പത്തി എട്ട് ലക്ഷം രൂപയ്ക്ക് പുറമെ അഞ്ച് ഐ ഫോൺ കൂടി സ്വപ്ന സുരേഷിന് നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. കമ്മീഷൻ തുക നൽകിയപ്പോൾ മാത്രമാണ് ലൈഫ് മിഷന്‍റെ മേൽനോട്ട ചുമതലയുണ്ടായിരുന്ന എം ശിവശങ്കറിനെ കാണാൻ സ്വപ്ന ആവശ്യപ്പെട്ടതെന്നും വ്യക്തമാക്കിയിരുന്നു. കരാർ നൽകിയത് വഴി സ്വപ്നയ്ക്ക് ലഭിച്ച കമ്മീഷൻ തുക ശിവശങ്കറിന്‍റെ സുഹൃത്തായ വേണുഗോപാലിന്‍റെയും സ്വപ്നയുടെയും സംയുക്ത ലോക്കറിൽ നിന്നാണ് കണ്ടെത്തിയത്. ഈ പണം ശിവശങ്കറിന്‍റേത് കൂടിയാണോ എന്ന് തെളിയിക്കാനായി കേസുമായി ബന്ധപ്പെട്ട് സിഇഒ യു വി ജോസ്, യൂണിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പൻ എന്നിവരെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തിരുന്നു.

അതേസമയം ലൈഫ് മിഷൻ കേസിൽ സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാൻ വിജിലൻസ് ജയിലിലെത്തി. ആദ്യമായാണ് വിജിലൻസ് സ്വപ്നയെ ചോദ്യംചെയ്യുന്നത്. കമ്മിഷൻ ലഭിച്ചതും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ഇടപാടും ചോദിച്ചറിഞ്ഞേക്കും.

By Athira Sreekumar

Digital Journalist at Woke Malayalam