Mon. Dec 23rd, 2024

ആലപ്പുഴ:

സംവരണ വിഷയത്തില്‍ ഇടത് മുന്നണി വന്നാലും വലത് മുന്നണി വന്നാലും രക്ഷയില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സാമുദായിക സംവരണത്തിന് ഒപ്പം നിൽക്കുന്ന പാർട്ടികൾ മുന്നണികളിൽ നിന്ന് പുറത്ത് കടന്ന് മൂന്നാം മുന്നണി രൂപീകരിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

സാമ്പത്തിക സംവരണത്തെ എതിർക്കുന്ന ലീഗ് യുഡിഎഫിൽ നിന്ന് പുറത്ത് വരാൻ തയ്യാറുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. മുന്നണി രൂപീകരിക്കുകയാണെങ്കില്‍ എസ്എൻഡിപിയും അവർക്കൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ 70 ശതമാനം ജനങ്ങളും സാമുദായിക സംവരണത്തിന് അർഹരാണ്. പിന്നോക്കസമുദായങ്ങൾ ഒന്നിച്ച് നിന്നാൽ മാത്രമേ സംവരണം പൂർണമായും നടപ്പിലാക്കാൻ സാധിക്കൂവെന്ന് പറഞ്ഞ വെള്ളാപ്പള്ളി ലീഗ് ഉൾപ്പെടെയുള്ളവരുടെ കൂടെ സമരത്തിൽ പങ്കെടുക്കാാത്തതിന്‍റെ കാരണവും വ്യക്തമാക്കി.

സമരത്തിന് വേണ്ടി വിളിക്കുമ്പോൾ ചെല്ലാനും പിന്നെ കരിമ്പിൻ ചണ്ടി പോലെ കളയാനും ഇനി ഇല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. മുന്നാക്ക സംവരണം നടപ്പിലാക്കിയ സർക്കാർ നടപടിക്കെതിരെ എസ്എൻഡിപിയുടെ പ്രതിഷേധം ഇപ്പോഴും നടക്കുകയാണ്.

By Binsha Das

Digital Journalist at Woke Malayalam