പട്ന:
തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ ബിഹാറിലെ എൻഡിഎ സഖ്യത്തിനുള്ളിൽ വീണ്ടും അസ്വാരസ്യം. ജാതി സംവരണ വിഷയത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറും സഖ്യകക്ഷിയായ ബിജെപിയും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് പുതിയ പ്രശ്നമായിരിക്കുന്നത്.
ജാതി സംവരണം ജനസംഖ്യയുടെ ആനുപാതികമായരിക്കുമെന്നും അത് തന്റെ അധികാരപരിധിയിലല്ലെന്നുമാണ് നിതീഷ് കുമാര്‍ കഴിഞ്ഞദിവസം നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ നടന്ന പ്രസംഗത്തിൽ പറഞ്ഞത്.
സംസ്ഥാനത്തെ തൊഴിലവസരങ്ങള്‍ക്കും വിദ്യാഭ്യാസ അവസരങ്ങള്‍ക്കുമായി ജനസംഖ്യാടിസ്ഥാനത്തിലുള്ള സംവരണം എന്നത് മുന്‍നിര്‍ത്തിയായിരുന്നു നിതീഷിന്റെ പ്രസംഗം. തന്റെ സര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദേശത്തെ അനുകൂലിക്കുമ്പോള്‍ പുതിയ സെന്‍സസ് ഡാറ്റ ഉപയോഗിച്ച് മാത്രമേ ഇത് നടപ്പാക്കാന്‍ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സംവരണത്തെ തങ്ങളുടെ പാര്‍ട്ടി പിന്തണയ്ക്കുമ്പോള്‍ തന്നെ ഭരണഘടനാ വിരുദ്ധമായി ഒന്നും ചെയ്യില്ലെന്നാണ് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചത്.
2021 ലെ സെന്‍സസ് ഡാറ്റയില്‍ ജാതി അടിസ്ഥാനമാക്കിയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്തുകൊണ്ട് ഫെബ്രുവരിയില്‍ ബിഹാര്‍ നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ജാതി സംവരണം ജനസംഖ്യക്ക് ആനുപാതികമായിരിക്കണമെന്നാണ് അന്നും നിതീഷ് പറഞ്ഞിരുന്നത്.
നിതീഷിനെതിരെ ബിജെപി രഹസ്യനീക്കം നടത്തുന്നുണ്ടെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് സംവരണ വിഷയത്തിലെ ഭിന്നത. എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിട്ട് പോലും ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലികളിൽ നിതീഷിന്റെ ചിത്രങ്ങൾക്ക് പ്രാധാന്യം നല്കിയില്ലെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. ജെഡിയു സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ചിരാഗ് പാസ്വാന്റെ നേതൃത്വത്തിലുള്ള എല്‍ജെപിയെ മത്സരിപ്പിക്കുന്നതിന് പിന്നിലും ബിജെപിയാണെന്നാണ് മറ്റൊരു ആരോപണം.
ഒക്ടോബർ 28നായിരുന്നു ബിഹാറിലെ ഒന്നാംഘട്ട തിരഞ്ഞെടുപ്പ്. നവംബര്‍ മൂന്ന്, ഏഴ് തിയതികളിലായി രണ്ടാമത്തേയും അവസാനഘട്ട തിരഞ്ഞെടുപ്പും നടക്കും.