പട്ന:
ബീഹാറിൽ വോട്ട് പെട്ടി നിറയ്ക്കാൻ ‘ഗോമാതാ സംരക്ഷണ’ തന്ത്രവുമായി സിപി(ഐ)എമ്മും. തങ്ങൾക്ക് വോട്ട് ചെയ്താൽ പശുക്കൾക്ക് ഭക്ഷണവും ആധുനിക വിധി പ്രകാരമുള്ള ചികിത്സയും, സംരക്ഷണവും ഉറപ്പുവരുത്തുമെന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വാഗ്ദാനം. ബീഹാറിലെ സിപി(ഐ)എമ്മിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് പുതിയ വാഗ്ദാനം പാർട്ടി നടത്തിരിയിക്കുന്നത്.
എന്നാൽ, പാർട്ടിയുടെ പുതിയ വാഗ്ദാനത്തിനെതിരെ കടുത്ത പരിഹാസമാണ് ട്വിറ്ററിൽ ഉയരുന്നത്. ബീഫ് നിരോധിച്ചതിന് കേരളത്തിൽ ബീഫ് ഫെസ്റ്റിവൽ നടത്തിയ പാർട്ടിയാണിപ്പോൾ നയം മാറ്റി പശുക്കൾക്ക് സംരക്ഷണം ഉറപ്പ് നൽകാമെന്ന് ആഹ്വാനാവുമായി രംഗത്തെത്തിയിരിക്കുന്നതെന്നാണ് പലരും ഈ പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്.
“ഇതെന്ത് തമാശയാണ്..കേരളത്തിൽ സിപിഎം പശുക്കളെ നടുറോഡിൽ കൊല്ലുന്നു, ബീഫ് വിതരണം ചെയ്യുന്നു. ഡിവൈഎഫ്ഐ രാജ്യം മുഴുവൻ ബീഫ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. എന്നിട്ട് ഇപ്പോൾ തിരഞ്ഞെടുപ്പ് വന്നപ്പോൾ നയം മാറ്റുന്നു. നിഷ്കളങ്കരെ എപ്പോഴും ചതിക്കുന്നു,” എന്നാണ് ഒരാൾ കേരളത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ ബീഫ് കഴിക്കുന്ന ചിത്രത്തോടൊപ്പം കമന്റ്റ് ചെയ്തിരിക്കുന്നത്.
ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ മുഹമ്മദ് റിയാസ്, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം, സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എംബി രാജേഷ് എന്നിവരെ ടാഗ് ചെയ്ത് “നിങ്ങൾ ഇത് കാണുന്നുണ്ടോ? ഇവന്മാരെ സംഘികൾ ആക്കിയോ?,” എന്നൊരാൾ മലയാളത്തിൽ ചോദിച്ചിരിക്കുന്നതും ഈ പോസ്റ്റിന് താഴെ കാണാം.
അതേസമയം, ഇത് 2020ലെ മികച്ച തമാശ ഇതാണെന്നാണ് മറ്റൊരാൾ കമന്റ്റ് ചെയ്തത്.
ബീഹാർ സിപി(ഐ)എമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും മലയാളികൾ പരിഹാസം കൊണ്ട് നിറയ്ക്കുകയാണ്. ഫേസ്ബുക്കിലേക്ക് എത്തുമ്പോൾ കൂടുതലും മലയാളം കമന്റുകളാണെന്ന പ്രത്യേകതയുമുണ്ട്.
എൻഡിഎയ്ക്ക് എതിരെ മത്സരിക്കുന്ന ആർജെഡി മഹാസംഖ്യത്തിനൊപ്പമാണ് സിപി(ഐ)എം ബീഹാറിൽ മത്സരിക്കുന്നത്. സിപിഐ-എംഎല്‍ 19 സീറ്റുകളിലും സിപിഐ ആറ് സീറ്റുകളിലും സിപിഎം നാല് സീറ്റുകളിലുമാണ് മത്സരിക്കുന്നത്. ഒക്ടോബർ 28 മുതൽ നവംബർ ഏഴ് വരെയാണ് തിരഞ്ഞെടുപ്പ്. നവംബർ 10ന് ഫലം പുറത്തുവരും.