ഡൽഹിയിലേക്ക് ജോലിയുടെ ഭാഗമായി പോയ മകൻ അറസ്റ്റിലായതറിയാതെ ഇപ്പോഴും കാത്തിരിക്കുകയാണ് ഒരു ഉമ്മ. തൊണ്ണൂറ് വയസ്സിന്റെ ഓർമ്മക്കുറവിലും വാർദ്ധക്യ സഹജമായ അസുഖങ്ങൾ പിന്തുടരുമ്പോഴും മകൻ വരുന്നതും സംസാരിക്കുന്നതും ഒപ്പമിരിക്കുന്നതും സ്വപ്നം കണ്ടുകൊണ്ട് അവർ ഓരോ ദിവസവും കഴിച്ചുകൂട്ടുന്നു.
ഉത്തർ പ്രദേശിലെ ഹാഥ്റസിൽ സവർണ്ണരുടെ പീഡനത്തിനാരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് ‘അഴിമുഖം’ പോർട്ടൽ ലേഖകൻ സിദ്ദിഖ് കാപ്പനെയും ഒപ്പമുണ്ടായിരുന്ന 3 പേരെയും യുപി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 20 ദിവസത്തിലേറെയായി സിദ്ദിഖ് കാപ്പൻ ജയിലിൽ കഴിയുകയാണ്. ഒക്ടോബർ നാലിന് ഹാഥ്‌റസിലെ ചാന്ദ്പ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്തിട്ടുള്ള ഗൂഢാലോചനക്കേസിന് പുറമെ മഥുര പോലീസ് രാജ്യദ്രോഹക്കുറ്റമുൾപ്പെടെയാണ് സിദ്ദിഖിനെതിരെയും ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ഖജാൻജിയും യുപി സ്വദേശിയുമായ അഥീഖുർ റഹ്മാൻ, ജാമിഅ വിദ്യാർത്ഥിയും ക്യാംപസ് ഫ്രണ്ട് ഡൽഹി സംസ്ഥാന സെക്രട്ടറിയുമായ മസൂദ് അഹ്മദ്, ഡ്രൈവർ ആലം എന്നിവർക്കെതിരെ ചുമത്തിയിരിക്കുന്നത്. യുഎപിഎ വകുപ്പുകൾ പ്രകാരം ചുമത്തിയ കേസിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഇപ്പോൾ നവംബർ 2വരെ കസ്റ്റഡി കാലാവധി നീട്ടിയിരിക്കുകയാണ്.
സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ മഥുര പോലീസ് സ്റ്റേഷനിലും കോടതിയിലുമായി രാവിലെ മുതൽ വൈകീട്ടുവരെയും കാത്തിരുന്ന അഭിഭാഷകന് എല്ലാ ദിവസവും നിരാശയായിരുന്നു ഫലം. തന്റെ അഭിഭാഷക ജീവിതത്തിൽ ഇതുവരെ ഇത്തരമൊരു ദുരനുഭവം ഉണ്ടായിട്ടില്ലെന്നാണ് കേരള പത്രപ്രവർത്തക യൂണിയനുവേണ്ടി സുപ്രീംകോടതിയിൽ ഹർജി നൽകിയ അഡ്വ. വിൽസ് മാത്യൂസ് പറയുന്നത്. സ്വന്തം കക്ഷിയെ കാണാൻ അഭിഭാഷകനെ അനുവദിക്കാത്തത് നിയമവ്യവസ്ഥയുടെ ലംഘനമാണെന്നും നീതിതേടി സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നവംബർ നാലിന് രാത്രി 12 മണിക്കാണ് സിദ്ദിഖ് അവസാനമായി ഭാര്യ റെയ്ഹാനത്തിനെ വിളിക്കുന്നത്. നിരവധി തവണ പിന്നീട് വിളിച്ചപ്പോഴൊന്നും സിദ്ദിഖ് ഫോൺ എടുത്തില്ല. അടുത്ത ദിവസം രാത്രിയിലും ഫോൺ എടുക്കാതെ ആയപ്പോൾ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ റെയ്ഹാനത്ത് വിളിച്ചു. തുടർന്ന് വർത്തകളിലൂടെയാണ് റിപ്പോർട്ടിങ്ങിന് പോകുന്നതിനിടെ സിദ്ദിഖിനെ അറസ്റ്റ് ചെയ്തതായി കുടുംബം അറിയുന്നത്.
ഉത്തർ പ്രദേശ് പൊതുവെ ദളിത് സമൂഹത്തോടും മുസ്ലീം ന്യൂനപക്ഷ വിഭാഗത്തോടും ക്രൂരത കാണിക്കുന്നതിൽ ഒട്ടും പുറകിലല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അദ്ദേഹം യാത്ര തിരിച്ചത്. എന്നാൽ പോകുന്നതിന് മുൻപോ അവിടെയെത്തിയ ശേഷമോ സിദ്ദിഖ് ഒരുതരത്തിലുമുള്ള ആശങ്കയും കുടുംബത്തോട് പങ്കുവെച്ചിട്ടില്ല. കൂടെ അറസ്റ്റിലായവരെ കുറിച്ചോ അവരുടെ കുടുംബത്തെ കുറിച്ചോ ഒന്നും റെയ്ഹാനത്തിന് അറിയില്ല. എന്തിന് തന്റെ ഭർത്താവ് അറസ്റ്റിലായെന്ന് പോലും വാർത്തകളിലൂടെ അറിയേണ്ടി വന്നത് ആ കുടുംബത്തോട് ചെയ്ത എത്രയോ വലിയ അനീതിയാണ്.
കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിലയിരുത്താനും കവളപ്പാറ ദുരന്തത്തിൽ അനാഥരായ സഹോദരിമാർക്ക് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം നടത്താനുമായി കേരളത്തിലേക്ക് എത്തിയ രാഹുൽ ഗാന്ധിക്കും സിദ്ദിഖിന്റെ കുടുംബം നിവേദനം നൽകി. നിവേദനം എഐസിസി ജെനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് കൈമാറിയിരിക്കുകയാണ് നിലവിൽ.
ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ എംപി, മഹിളാ കോൺഗ്രസ് നേതാവ് റോഷ്‌നി ഫാത്തിമ, കെപിസിസി സെക്രട്ടറി കെ പി നൗഷാദലി എന്നിവർ സഹായം ഉറപ്പുനൽകി സിദ്ധിഖിന്റെ കുടുംബത്തെ സമീപിച്ചിരുന്നു. ‘സിദ്ധീഖ് കാപ്പന് നീതി നല്‍കുക’ എന്നാവശ്യപ്പെട്ട് മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ ടി എൻ പ്രതാപൻ എംഎൽഎയുടെ നേതൃത്വത്തിൽ ഓപ്പണ്‍ ഫോറവും സംഘടിപ്പിച്ചിരുന്നു.
ഇതുകൂടാതെ സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്ത നടപടി മാധ്യമ സ്വാതന്ത്യത്തിനെതിരെയാണെന്ന് ചൂണ്ടിക്കാട്ടി കെയുഡബ്ല്യുജെ സമരം തുടരുകയാണ്.
അതേസമയം ഈ വിഷയത്തിൽ ഇടപെടുന്നതിന് പരിമിതികളുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. അദ്ദേഹത്തിന്റെ മറുപടി ഏറെ വിഷമിപ്പിച്ചതായി റെയ്ഹാനത്ത് പറയുന്നു. നിരപരാധിയായ ഒരാളുടെ കാര്യത്തിൽ കേരളാ മുഖ്യമന്ത്രി ഈ നിലപാട് ആയിരുന്നില്ല സ്വീകരിക്കേണ്ടതെന്നും റെയ്ഹാനത്ത് അഭിപ്രായപ്പെട്ടു.
ഈ വരുന്ന തിങ്കളാഴ്ച സുപ്രീംകോടതിയെ വീണ്ടും സമീപിക്കാനൊരുങ്ങുകയാണ് സിദ്ദിഖിന്റെ കുടുംബം. ആദ്യം നൽകിയ ഹർജിയിൽ ജാമ്യത്തിനായി അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി നിർദ്ദേശിച്ചത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ യുപിയിലെ കോടതികളിൽനിന്നു ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണെന്നും നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) കൂടി ചുമത്തിയതിനാൽ മാധ്യമപ്രവർത്തകന് ആറോ ഏഴോ വർഷം ജയിലിൽ കിടക്കേണ്ടി വരുമെന്നും സിദ്ദിഖിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വാദിച്ചു. എന്നാൽ അതുണ്ടാകില്ലെന്നും തെറ്റു സംഭവിച്ചാൽ തങ്ങളിവിടെയുണ്ടെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. സിദ്ദിഖ് കാപ്പൻ നിലവിൽ എവിടെയുണ്ടെന്നു വ്യക്തമായ സാഹചര്യത്തിൽ ഹേബിയസ് ഹർജി ഭേദഗതി ചെയ്യാൻ അനുവദിക്കണമെന്നുമുള്ള ആവശ്യവും അംഗീകരിച്ചിരുന്നു. ഇതുവരെ അഭിഭാഷകനെ പോലും കാണാൻ അനുവദിക്കാത്ത ഒരു സാഹചര്യം നിലനിൽക്കുന്നതിനാലാണ് വീണ്ടും സുപ്രീംകോടതിയെ സമീപിക്കാൻ കുടുംബം ഒരുങ്ങുന്നത്. കേരള പത്രപ്രവർത്തക യൂണിയനാണ് ഹർജിയുമായി മുന്നോട്ട് പോകുന്നത്.
എല്ലാ വിഷമങ്ങളും മനസ്സിലൊതുക്കി പിടിച്ചുനിൽക്കുമ്പോഴും മകനെ കാണാതെ വെമ്പുന്ന ആ ഉമ്മയുടെ മുൻപിലാണ് റൈഹാനത്ത് തളരുന്നത്. തനിക്കും മക്കൾക്കും എല്ലാം സഹിക്കാം, പക്ഷെ ഉമ്മയോട് എന്ത് പറയണമെന്ന് അവർക്ക് അറിയില്ല. സിദ്ദിഖാണെന്ന വ്യാജേന മറ്റാരെക്കൊണ്ടെങ്കിലും വിളിപ്പിച്ച് ഉമ്മയെ കബളിപ്പിക്കുകയല്ലാതെ റെയ്ഹാനത്തിന് മുൻപിൽ മറ്റ് വഴികളൊന്നുമില്ല.