Fri. Nov 22nd, 2024
തിരുവനന്തപുരം:

ലൈഫ് മിഷൻ കേസിലെ സിബിഐ പ്രാഥമികാന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. അനുവാദമില്ലാതെ  വിദേശ സഹായം സ്വീകരിച്ചത് സർക്കാർ പദ്ധതിക്കാണെന്നും, ലൈഫ് മിഷൻ കരാർ സർക്കാർ പദ്ധതിയുടെ ഭാഗമാണെന്നും പ്രാഥമിക റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ലൈഫ് മിഷൻ സിഇഒ സർക്കാർ പ്രതിനിധിയാണെന്നും ആയതിനാൽ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നാണ് സിബിഐ നിരീക്ഷണം.

സംസ്ഥാനം നേരിട്ട് വിദേശ സഹായം സ്വീകരിച്ചില്ലെന്ന വാദം നിലനിൽക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ലൈഫ് മിഷനിൽ സി ബി ഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പ്രത്യേക കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ നിർണ്ണായക രേഖകളെല്ലാം വിജിലൻസ് ശേഖരിച്ച് കൊണ്ടുപോയി.

അതേസമയം, നിർമ്മാണ കമ്പനിയായ യൂണിടാകിന്റെ ഉടമ സന്തോഷ് ഈപ്പനിൽ  നിന്ന് ഭൂമി ഇടപാടിന്റേത് ഉൾപ്പെടയുള്ള രേഖകൾ സിബിഐ പിടിച്ചെടുത്തു.  കമ്മീഷൻ ഇടപാടുമായി ബന്ധപ്പെട്ട ബാങ്ക് രേഖകളും കസ്റ്റഡിയിലെടുത്തു. മൂന്ന് ബാങ്കുകളിലൂടെ യൂണിടാകിന്  നേരിട്ട് പണം നൽകി എന്നാണ് കണ്ടെത്തൽ. ഇങ്ങനെ പണം കൈമാറുന്നത് വിദേശ നാണയ നിയന്ത്രണ ചട്ടത്തിന്റെ ലംഘനമാണ്. അടുത്ത പടിയായി സിബിഐ ലൈഫ് മിഷൻ സിഇഒ യുവി ജോസിനെ ചോദ്യം ചെയ്യും.

By Arya MR