Fri. Mar 29th, 2024
തിരുവനന്തപുരം:

ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നടപടി. ബിനീഷിന്റെ സ്വത്തു വകകൾ അനുമതിയില്ലാതെ ക്രയവിക്രയം ചെയ്യരുതെന്ന് കാണിച്ച് ഇ ഡി രജിസ്‌ട്രേഷൻ വകുപ്പിന് കത്ത് നൽകിയിരിക്കുകയാണ്.

ബിനീഷിൻ്റെ മുഴുവൻ ആസ്ഥിയും സ്വത്തുവകകളും സംബന്ധിച്ച വിവരങ്ങളും ശേഖരിക്കാനും നിർദേശം നൽകി. ഇതിനായി ബാങ്കുകൾക്കും ഇഡി നോട്ടീസ് നൽകി. ആസ്ഥിവിവരം ലഭിച്ച ശേഷം ബിനീഷിനെതിരെ കൂടുതൽ നടപടികളുണ്ടാവും എന്നാണ് ഇഡി വ്യക്തമാക്കുന്നത്.

ഈ മാസം ഒൻപതിനാണ് ബിനീഷിനെ ഇഡി 11 മണിക്കൂറോളം ചോദ്യം ചെയ്തത്. അന്ന് രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്. സ്വർണ്ണക്കടത്ത് കേസ് പ്രതികളുടെ സ്വത്തുക്കൾ സംബന്ധിച്ച അന്വേഷണം ഇഡി നടത്തിവരികയായിരുന്നു. ആ സമയമാണ്, ബംഗളുരു മയക്കുമരുന്ന് കേസിൽ പിടിയിലായ മലയാളി മുഹമ്മദ് അനൂപിന് സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തെ സംബന്ധിച്ചുള്ള സംശയങ്ങൾ ബലപ്പെടുന്നത്. ബിനീഷ് കോടിയേരിയ്ക്ക് മുഹമ്മദ് അനൂപുമായി സൗഹൃദമുണ്ടെന്നും ഇവർക്കിടയിൽ പണമിടപാട് ഉണ്ടെന്നുമുള്ള കണ്ടെത്തലാണ് അന്വേഷണം ബിനീഷിലേക്ക് നീങ്ങാനുള്ള കാരണം.

By Arya MR