ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ഇന്ത്യയെക്കുറിച്ചുള്ള സങ്കല്പം മാറുകയാണ്. 2014 തൊട്ടുള്ള കാലയളവില്‍ ഭരണചക്രം തിരിയുന്നത് ജനാധിപത്യത്തിന്റെ വിപരീത ദിശയിലാണ്. കഴിഞ്ഞ ദിവസം അവസാനിച്ച പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ അരങ്ങേറിയ സംഭവങ്ങള്‍ അതിന് അടിവരയിടുന്നതാണ്. നരേന്ദ്ര മോദി സർക്കാരിന്റെ കാലത്തെ പാര്‍ലമെന്റ് ജനാധിപത്യത്തിന്റെയോ ജന പ്രാതിനിധ്യത്തിന്റെയോ പ്രതിഫലനമാണ് എന്ന് പറയാന്‍ കഴിയുമോ? ഇക്കാലയളവില്‍ എത്ര ബില്ലുകളാണ് പ്രതിപക്ഷത്തിന്റെയും പൊതുജനങ്ങളുടെയും ഹിതം കൂടി പരിശോധിച്ച് പാസ്സാക്കിയിട്ടുള്ളത്?
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ബിൽ തുടങ്ങി പൗരത്വ ഭേദഗതി ബില്ലും, ഇപ്പോൾ കാർഷിക ബില്ലുകളും, തൊഴിലാളി ബില്ലുകളും അടക്കം സ്വന്തം രാഷ്ട്രീയ താത്പര്യം മാത്രം പരിഗണിച്ച് പാസാക്കിയ ബില്ലുകളുടെ പട്ടിക മാത്രമേ നിരത്താനുള്ളൂ. പ്രതിപക്ഷ ബഞ്ചുകളുടെ എതിര്‍പ്പുകളെ തെല്ലും പരിഗണിക്കാതെ ബിജെപിയുടെ രാഷ്ട്രീയ അജണ്ടകള്‍ ഒന്നൊഴിയാതെ നടപ്പാക്കാനുള്ള വേദിയായി മാറുകയാണ് പാര്‍ലമെന്റിന്റെ രണ്ട് സഭകളും. അതിന്റെ തുടര്‍ച്ചയായിരുന്നു സെപ്റ്റംബര്‍ 23ന് അവസാനിച്ച മണ്‍സൂണ്‍ കാല സമ്മേളനവും.
ഒക്ടോബർ ഒന്ന് വരെ നിശ്ചയിച്ചിരുന്ന സമ്മേളനം പല സഭാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇനിയെന്ന് ചേരുമെന്ന അറിയിപ്പുകളില്ലാതെ അവസാനിപ്പിക്കുകയായിരുന്നു. സെപ്റ്റംബർ പതിനാലിന് സമ്മേളനം ആരംഭിക്കുന്നതിന് മുൻപേ കേന്ദ്രം നയം വ്യക്തമാക്കിയിരുന്നു. കൊവിഡ് സാഹചര്യമായതിനാൽ ചോദ്യോത്തരവേള റദ്ദാക്കപ്പെട്ടു!
കൊറോണയുടെ മറവില്‍ ജനാധിപത്യ വിരുദ്ധ നീക്കങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചെങ്കിലും നീതി ലഭ്യമായില്ല. പതിനേഴോളം ബില്ലുകളാണ് ഈ സമ്മേളനത്തിൽ തിടുക്കത്തിൽ പാസ്സാക്കിയത്. കർഷകർക്ക് താങ്ങുവില പോലും നിഷേധിക്കുന്ന പുതിയ കോർപ്പറേറ്റ് സഹകരണ പദ്ധതിയുടെ ബില്ലിന് വോട്ടെടുപ്പും ഉണ്ടായില്ല.
ലോക്‌സഭ നേരത്തേ പാസാക്കിയ കൃഷിയുമായി ബന്ധപ്പെട്ട മൂന്നു ബില്ലുകളിൽ കാർഷികോത്പന്നങ്ങളുടെ വ്യാപാര വാണിജ്യ ബിൽ, വിലസ്ഥിരതയും സേവനങ്ങളുമായി ബന്ധപ്പെട്ട കർഷക കരാർ ബിൽ എന്നിവ ഒന്നിച്ച് ഞായറാഴ്ചയും അവശ്യവസ്തു നിയമഭേദഗതി ബിൽ തിങ്കളാഴ്ചയും പാസാക്കുകയായിരുന്നു. ആദ്യ രണ്ട് ബില്ലുകൾ അവതരിപ്പിച്ചപ്പോൾ തന്നെ അത് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചു. എന്നാൽ, ഈ ആവശ്യം സർക്കാർ തള്ളിയതാണ് പ്രതിപക്ഷത്തെ പ്രകോപിതരാക്കിയത്.
അംഗങ്ങളുടെ അനുമതിയില്ലാതെ സഭ നീട്ടിക്കൊണ്ടുപോകാനും കൂടി രാജ്യസഭ ഉപാധ്യക്ഷൻ ഹരിവംശ് സിംഗ് തുനിഞ്ഞതോടെ പ്രതിപക്ഷ പാർട്ടികൾ നടുത്തളത്തിലേക്കിറങ്ങി പ്രതിഷേധം ആരംഭിച്ചു. തൃണമൂൽ നേതാവ് ഡെറിക് ഒബ്രിയാൻ അധ്യക്ഷവേദിയിലെ മൈക്ക് പിടിച്ചുവലിക്കുകയും സഭയുടെ റൂൾബുക്ക് കീറിയെറിയുകയും ചെയ്തു. എളമരം കരീം, എംവി ശ്രേയാംസ് കുമാർ, ബിനോയ് വിശ്വം, കെകെ രാഗേഷ്, സോമപ്രസാദ്, സഞ്ജയ് സിങ്, റിപുൻ ബോറ തുടങ്ങിയവർ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.
പ്രതിഷേധത്തെ തുടർന്ന് സഭ പത്ത് മിനിറ്റോളം നിർത്തിവെച്ചെങ്കിലും ശക്തമായ മാർഷൽ സെക്യൂരിറ്റിയിൽ ബില്ലുകൾ അവതരിപ്പിച്ച് ശബ്ദവോട്ടോടെ പാസ്സാക്കിയെടുത്തു. വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സഭ ക്രമത്തിലല്ലെന്ന കാരണം ചൂണ്ടിക്കാട്ടി നിരാകരിക്കപ്പെട്ടു. ബിജെപി എംപിമാരുടെ പരാതി പരിഗണിച്ച് ശേഷം പ്രതിഷേധമുയർത്തിയവരിൽ എട്ട് എംപിമാരെ പിറ്റേ ദിവസം സഭാധ്യക്ഷൻ വെങ്കയ്യ നായിഡു എട്ട് ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. വർഷകാല സമ്മേളനം തീരുന്നതുവരെ അവരെ സഭയിൽ പങ്കെടുപ്പിച്ചില്ല.
സിപിഎം അംഗങ്ങളായ കെകെ രാഗേഷ്, എളമരം കരീം, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളായ ഡെറിക് ഒബ്രിയാന്‍, ഡോള സെന്‍, ആം ആദ്മി പാര്‍ട്ടിയുടെ സഞ്ജയ് സിങ്, കോണ്‍ഗ്രസ് അംഗങ്ങളായ രാജീവ് സത്‌വ, റിപുൻ ബോറ, സയീദ് നസീര്‍ ഹുസൈന്‍ എന്നിവരാണ് സഭയ്ക്ക് പുറത്തായത്. അംഗങ്ങൾക്ക് വിശദീകരണത്തിനുള്ള സാവകാശം നൽകിയില്ലെന്ന പ്രതിപക്ഷ ആരോപണത്തില്‍ സർക്കാർ കൊണ്ടുവന്ന പ്രമേയത്തെ തുടർന്നാണ് തീരുമാനമെടുത്തതെന്നായിരുന്നു രാജ്യസഭാ അധ്യക്ഷന്റെ വിശദീകരണം. സഭയിലുണ്ടായത് തീർത്തും അപലപനീയമായ സംഭവമാണെന്നും വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു.
പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധം സഭയുടെ അച്ചടക്കത്തെ ലംഘിച്ചുവെന്ന് പറഞ്ഞ നായിഡു പക്ഷേ ജനാധിപത്യത്തെ കൊല്ലുന്ന സഭക്രമങ്ങളാണ് ബിജെപി സർക്കാർ അവംലംബിച്ചതെന്ന് പരാമർശിക്കാൻ വിട്ടു പോയി. ചരിത്രത്തിലാദ്യമായാണ് സഭയിൽ ചോദ്യോത്തരവേള ഒഴിവാക്കിയതെന്നും നായിഡു മനപ്പൂർവം വിസ്മരിച്ചു.
സഭയിൽ നിന്ന് പുറത്താക്കിയ എംപിമാർ പാർലമെന്റിന് പുറത്ത് ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ സമരം നടത്തി. എംപിമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷം പൂർണമായി സമ്മേളനം ബഹിഷ്കരിച്ചു. എന്നാൽ, പ്രതിപക്ഷം ഇല്ലാത്തത് അവസരമാക്കിയെടുത്ത് സർക്കാർ ബില്ലുകൾ ഇടതടവില്ലാതെ പാസ്സാക്കികൊണ്ടേയിരുന്നു. ചൊവ്വാഴ്ച മാത്രം മൂന്നര മണിക്കൂറിൽ ഏഴ് ബില്ലുകളാണ് പാസ്സാക്കിയത്.
പിആർഎസ് ലെജിസ്ലേറ്റീവ് റിസർച്ച് ഡാറ്റ അനുസരിച്ച് ഒന്നാം മോദി സർക്കാരിന്റെ കാലത്ത് അതായത് 16-ാംമത് ലോക്സഭയിൽ അവതരിപ്പിക്കപ്പെട്ടതിൽ 25% ബില്ലുകൾ മാത്രമേ കമ്മറ്റിയ്ക്ക് പുനഃപരിശോധനക്കായി വിട്ടിട്ടുള്ളു. എന്നാൽ, 14-ാംമത്തേയും 15 -ാംമത്തേയും ലോക്സഭകളിൽ കമ്മിറ്റിക്ക് വിട്ടത് 60-70% വരെ ബില്ലുകളാണെന്നുള്ളത് ഇപ്പോഴത്തെ പാർലമെന്റിന്റെ ദുർഗതിയെ കാട്ടിത്തരും. അതേസമയം, രണ്ടാം മോദി സർക്കാർ കാലത്ത് ഇതുവരെ ഒരു ബില്ലും കമ്മിറ്റിയ്ക്ക് വിട്ടിട്ടില്ലെന്നാണ് മാധ്യമ റിപ്പോർട്ടുകളിലൂടെ അറിയാൻ കഴിയുന്നത്.
അതേപോലെ, തന്നെ പിസിആർ ഡാറ്റ അനുസരിച്ച് 26% ബില്ലുകളാണ് 15 -ാം ലോക്സഭയിൽ അരമണിക്കൂറിനുള്ളിൽ പാസായത്. പക്ഷേ 16 -ാം സഭയിലേക്ക് എത്തിയപ്പോൾ അത് 6 %മായി കുറഞ്ഞു. ഓരോ ബിൽ അവതരണത്തിലും പ്രതിപക്ഷ പാർട്ടികൾക്ക് കയറി തർക്കിക്കേണ്ടി വരുന്നതുകൊണ്ടാവാം ബില്ലുകൾ പാസാക്കാൻ ഈ മന്ത്രിസഭയ്ക്ക് ഇത്ര സമയം വേണ്ടിവരുന്നതെന്നും ഡാറ്റ പറയുന്നു.
16 -ാം ലോക്സഭയിൽ പാസായത്ത് 133 ബില്ലുകളാണ്. ഇത് യുപിഎ കാലത്തേക്കാളും 15% കൂടുതലാണ്. വാർഷിക ബഡ്ജറ്റിന്റെ കാര്യത്തിലും യുപിഎ ഭരണകാലത്തേക്കാൾ 17% കൂടുതലായി 2018-19 സമയത്ത് പാർലമെൻറിൽ തന്നെ ബഡ്ജറ്റ് അവതരിപ്പിച്ചത് എൻഡിഎ സർക്കാരാണ്. പക്ഷേ, ഇതിൽ 100 ശതമാനവും ഒരു ചർച്ചകൾക്കും അവസരം നൽകാതെയാണ് പാസാക്കിയത് എന്ന് മാത്രമേ ഉള്ളു.
ചോദ്യാത്തരവേള റദ്ദാക്കാന്‍ സര്‍ക്കാരിനും സ്പീക്കര്‍ക്കുമുള്ള അധികാരം യുദ്ധകാലത്തും അടിയന്തരാവസ്ഥയിലും മാത്രമാണ് വിനിയോഗിച്ചിട്ടുള്ളത്. രാഷ്ട്രീയ തർക്കങ്ങളെ തുടർന്ന് ചോദ്യോത്തരവേളകൾ തടസ്സപ്പെടാറുണ്ട്, പക്ഷേ ഇത്തരത്തിൽ റദ്ദാക്കപ്പെടുന്നത് ജനാധിപത്യത്തിന് കൂച്ചുവിലങ്ങ് ഇടല്‍ തന്നെയാണ്. ചോദ്യോത്തര വേളയിൽ പ്രതിപക്ഷം ഉയർത്തുന്ന ഓരോ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ മന്ത്രിമാർ ബാധ്യസ്ഥരാണ്.
ചോദ്യോത്തരവേള റദ്ദാക്കുന്നതിലൂടെ എംപിമാര്‍ക്ക് ചോദ്യം ചെയ്യാനുള്ള അവകാശവും ജനങ്ങള്‍ക്ക് ആ നടപടിക്രമങ്ങള്‍ക്കു സാക്ഷ്യം വഹിക്കാനും അധികാരത്തിലുള്ള സര്‍ക്കാരിന്റെയും തങ്ങളെ പ്രതിനിധീകരിക്കുന്ന എംപിമാരുടെയും പ്രകടനം വിലയിരുത്താനുമുള്ള അവസരം കൂടിയാണ് നഷ്ടമാകുന്നത്. ഇക്കഴിഞ്ഞ സമ്മേളനത്തിൽ സഭയിൽ പ്രതിപക്ഷം പ്രതിഷേധമുയർത്തിയപ്പോൾ സഭ നടപടിക്രമങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്ത്തുകൊണ്ടിരുന്ന സഭ ടിവിയുടെ ശബ്ദം നിലച്ചു. പ്രതിപക്ഷം ഉയർത്തുന്ന വാദങ്ങൾ കേൾക്കാൻ പോലും പൊതുജനങ്ങൾക്ക് അവസരം നിഷേധിക്കപ്പെട്ടു.
ലോക്‌സഭയുടെ മുന്‍ സെക്രട്ടറി ജനറലായ പിഡിടി ആചാരി ഉന്നയിച്ച വിഷയം പ്രസക്തമാണ്. “നേരിട്ടുള്ള ജനാധിപത്യം പ്രവര്‍ത്തനക്ഷമമാകുന്ന സമയമാണ് ചോദ്യോത്തരവേള. പുരാതന ഗ്രീസില്‍ ആളുകള്‍ ഭരണത്തില്‍ നേരിട്ട് പങ്കാളികളാകുകയും അവര്‍ ഭരണാധികാരികളോട് ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തിരുന്നു. ഇവിടെയും പൊതുജനങ്ങളുടെ പ്രതിനിധികള്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.
“ചോദ്യോത്തരവേളയില്‍, എല്ലാ ചോദ്യങ്ങള്‍ക്കും ഒരു മന്ത്രി നേരിട്ട് മറുപടി നല്‍കേണ്ടതുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ അതിനെ ബാക്കി നടപടിക്രമങ്ങളില്‍ നിന്നു വ്യത്യസ്തമാക്കുന്നു. പ്രമേയങ്ങള്‍, ചര്‍ച്ചകള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം വ്യത്യസ്തമാണത്. അവിടെ അംഗങ്ങള്‍ സംസാരിക്കുകയും മന്ത്രി കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു, പക്ഷേ അദ്ദേഹത്തിന് ഉത്തരം നല്‍കാതിരിക്കാം. അയാള്‍ക്ക് സ്വന്തം പാടു നോക്കി പോകാം, അതു സാധ്യമാണ്, സഭ അടുത്ത ഇനത്തിലേക്കു പോകുന്നു. പക്ഷേ, ചോദ്യോത്തരവേളയില്‍, സഭയ്ക്ക് അത്തരമൊരു സ്വാതന്ത്ര്യമില്ല, ചോദിച്ചിരിക്കുന്ന ചോദ്യത്തിന് അദ്ദേഹം നേരിട്ട് മറുപടി നല്‍കണം,” പിഡിടി ആചാരി കൂട്ടിച്ചേർത്തു. എന്നാല്‍ ചോദ്യോത്തര വേള റദ്ദാക്കിയതിലൂടെ ജന പ്രതിനിധികള്‍ക്ക് സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരമാണ് റദ്ദാക്കപ്പെട്ടത്.
ജനാധിപത്യത്തിൽ ജനങ്ങളുടെ ഹിതത്തിനാണ് മുൻഗണനയെന്നുപോലും വിസ്മരിച്ച ഒരു സർക്കാരിന്റെ ഭരണത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ചോദ്യങ്ങളെ ഭയക്കുന്ന സർക്കാർ പ്രതിഷേധിക്കുന്നവരെ പുറത്താക്കിയും, അഴിക്കുള്ളിലാക്കിയും ജനാധിപത്യത്തെ കൊന്നുകൊണ്ടിരിക്കുന്നു. പാര്‍ലമെന്റിനു തന്നെ മരണ വാറണ്ട് നല്‍കുകയാണ് മോദി സര്‍ക്കാര്‍.