തിരുവനന്തപുരം:
വിശുദ്ധഗ്രന്ഥത്തിന്റെയും ഈന്തപ്പഴത്തിന്റെയും മറവില്‍ മന്ത്രി കെ.ടി. ജലീല്‍ സ്വര്‍ണക്കള്ളടത്ത് തന്നെയാണ് നടത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വിശുദ്ധ ഖുറാനെ മുന്നില്‍വെച്ച് സ്വര്‍ണക്കടത്ത് കേസിനെ വര്‍ഗീയവത്കരിക്കാന്‍ സിപിഎം ആസൂത്രിതമായ ശ്രമം നടത്തുകയാണെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.
വിശുദ്ധ ഗ്രന്ഥത്തെ സിപിഎം രാഷ്ട്രീയമായി വേട്ടയാടുകയാണ്. വിശുദ്ധഗ്രന്ഥത്തെ അപമാനിച്ചത് ജലീലാണ്. ജലീലിനെ സിപിഎം മതത്തിന്റെ പ്രതീകമായി ഉയര്‍ത്തി കാണിക്കുന്നു. സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി നേട്ടം കൊയ്യാമെന്ന വ്യാമോഹമാണ് സിപിഎമ്മിനും സര്‍ക്കാരിനുമുള്ളത്. ഈ വര്‍ഗീയ രാഷ്ട്രീയം സിപിഎമ്മിന് വലിയ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറയുന്നു. ഖുറാന്‍ കൊണ്ടുവരുന്നത് നിയമവിരുദ്ധമാണോ എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് സുരേന്ദ്രന്റെ പ്രസ്താവന.
എന്‍ഐഎ ചോദ്യംചെയ്യലിന് ശേഷം താന്‍ വേട്ടയാടപ്പെടുകയാണെന്ന പ്രതീതി ജനിപ്പിക്കുന്ന ജലീലിന്റെ ഇരവാദം പരിതാപകരവും അപഹാസ്യവുമാണ്. എന്‍ഐഎ ഉള്‍പ്പെടെയുള്ള ഒരു ഏജന്‍സിയും ജലീലിന് ക്ലീന്‍ ചീറ്റ് നല്‍കിയിട്ടില്ല. അന്വേഷണ ഏജന്‍സികള്‍ ഇനിയും ജലീലിനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചേക്കാം. എന്നാല്‍ അതെല്ലാം മറച്ചുവെച്ച് മതത്തിന്റെ അടിസ്ഥാനത്തില്‍ രക്തസാക്ഷി പരിവേഷം നേടാനുള്ള വിഫലശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.