Fri. Nov 22nd, 2024

ഡൽഹി:

ഡൽഹിയിലെ ചേരി കുടിയൊഴിപ്പിക്കൽ വിഷയം രാജ്യസഭയിൽ പ്രത്യേകമായി  പരാമർഷിച്ച് എളമരം കരീം എംപി. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള റെയിൽവേ ഭൂമിയിലെ ചേരികളിൽ താമസിക്കുന്നവരെ മൂന്ന് മാസത്തിനുള്ളിൽ കുടിയൊഴിപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം രാജ്യസഭയിൽ പരാമർശിച്ചത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് പുനരധിവാസവും നഷ്ടപരിഹാരവും നൽകണമെന്ന്  എളമരം കരീം ആവശ്യപ്പെട്ടു.

കോടതിയിൽ നൽകിയ കണക്ക് അനുസരിച്ച് ഏകദേശം 48,000 ചേരി കുടിലുകൾ; അതായത്, സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 3 ലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കണം എന്നാണ് ഉത്തരവ്. കൊവിഡ് എന്ന പകർച്ചവ്യാധി നിലനിൽക്കെ ഇത് ഒരു ആരോഗ്യ ദുരന്തത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ വർഷം ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധി പ്രകാരം കുടിയൊഴിപ്പിക്കൽ ആവശ്യമായി വന്നാൽ പുനരധിവാസത്തിനുള്ള ക്രമീകരണങ്ങൾ നടത്താൻ ബന്ധപ്പെട്ട സർക്കാരും വകുപ്പുകളും ബാധ്യസ്ഥരാണെന്ന് എംഎൽഎ ഓർമ്മപ്പെടുത്തി.

എന്നാൽ സുപ്രീം കോടതിയിൽ ചേരി നിവാസികൾ കക്ഷിയല്ലാത്തിരുന്നതിനാൽ ഹൈക്കോടതി വിധി സുപ്രീം കോടതിയുടെ ശ്രദ്ധയിൽ വന്നിരിക്കാൻ സാധ്യതയില്ല. ലോക്ഡൗണിന്റെ ഫലമായി ജീവിതം തന്നെ വഴിമുട്ടിയ ഈ പാവപ്പെട്ട ചേരി നിവാസികളെ മുഴുവൻ പുനരധിവസിപ്പിക്കേണ്ടതും മതിയായ നഷ്ടപരിഹാരം നൽകേണ്ടതും സർക്കാരിന്റെ കടമയാണ്. അതിനാൽ പുനരധിവാസം, നഷ്ടപരിഹാരം എന്നിവ കൂടാതെ കുടിയൊഴിപ്പിക്കൽ നടക്കാതിരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് സർക്കാർ നിർദ്ദേശം നൽകണമെന്നും എളമരം കരീം നിർദ്ദേശിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam