തിരുവനന്തപുരം:
ലൈഫ് മിഷന്‍ പദ്ധതിയില്‍ മന്ത്രി ഇ പി ജയരാജന്‍റെ മകൻ ഒരു കോടി രൂപയിൽ അധികം കമ്മീഷൻ കൈപ്പറ്റിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നത് എന്നാണ് ഇത്രയും ദിവസം പറഞ്ഞത്. എന്നാലിപ്പോൾ ഇഡിക്കെതിരെ അവര്‍ രംഗത്ത് വന്നത് അന്വേഷണം വമ്പന്‍ സ്രാവുകളിലേക്ക് നീങ്ങുന്നതുകൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രി ജലീലിനെ കൂടാതെ ഇപി ജയരാജന്‍റെ മകന്‍റെ പേര് ഉയർന്നു വരുന്നതും ഇതിനു കാരണമാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.
സ്വപ്‌നയുടെ ബാങ്ക് ലോക്കറില്‍ നിന്ന് ഒരു കോടി രൂപമാത്രമാണ് കണ്ടെത്തിയത്. ഒരുകോടി കഴിച്ചുളള കമ്മീഷനില്‍ ഭീമമായിട്ടുളള തുക ഇ പി ജയരാജന്റെ മകനിലേക്കാണ് പോയതെന്നാണ് റിപ്പോർട്ടുകൾ. അതാണ് ഇഡിക്കെതിരെ പരസ്യമായ നിലപാട് സിപിഎം സ്വീകരിച്ചിരിക്കുന്നത്. സ്വപ്നയും ജലീലും ഒരേ തൂവൽ പക്ഷികളാണെന്നും സർക്കാർ രാജിവെച്ച് അന്വേഷണവുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി നിലപാട് മാറ്റിയോ ? അന്വേഷണം രാഷ്ട്രീയ പ്രേരിതം എന്ന പാർട്ടി നിലപാടിനോട് മുഖ്യമന്ത്രി മുഖ്യമന്ത്രി യോജിക്കുന്നുണ്ടോ ? കെടി ജലീലിനെ മാറ്റിയാൽ മന്തിസഭയിലെ ഒന്നോ രണ്ടോ അംഗങ്ങളെ കൂടി പുറത്താക്കേണ്ടി വരും. അതാണ് പിണറായി വിജയൻ ഭയപ്പെടുന്നതെന്നും ബിജെപി ആരോപിച്ചു.