Mon. Dec 23rd, 2024

ന്യൂയോര്‍ക്ക്:

ലോകത്തെ കണ്ണീരിലാഴ്ത്തിയ, 102 മിനിറ്റ് നീണ്ടു നിന്ന ഭീകരാക്രമണത്തിന് ഇന്ന് 19 വയസ്സ് തികയുകയാണ്. 2001 സെപ്റ്റംബര്‍ 11നാണ് അമേരിക്കയെ ഏറ്റവും വലിയ കുരുതിക്കളമാക്കിയ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണം നടന്നത്. സെപ്തംബർ 11ന് രാവിലെ 8:45നാണ്  19  അൽ ഖ്വയ്ദ തീവ്രവാദികൾ നാല് യുഎസ് പാസഞ്ചർ വിമാനങ്ങൾ ഹൈജാക്ക് ചെയ്യുന്നത്. ഇതിൽ രണ്ട് വിമാനങ്ങൾ മാൻഹട്ടനിലെ വേൾഡ് ട്രേഡ് സെന്ററിലെ ട്വിൻ ടവറുകളിൽ ചെന്നിടിച്ചു. മൂന്നാം വിമാനം പതിച്ചത് പെന്‍റഗണിലേക്കാണ്. അവസാന വിമാനം ഒരു മൈതാനത്തിലേക്കാണ് പതിച്ചത്.

ഉസാമ ബിന്‍ലാദന്‍റെ നിര്‍ദേശപ്രകാരം അല്‍ഖ്വയ്ദ നടത്തിയ ചാവേറാക്രമണത്തില്‍ 3000ത്തിന് മുകളില്‍ പേരുടെ ജീവനാണ് പൊലിഞ്ഞത്. വെറും രണ്ട് മണിക്കൂര്‍ കൊണ്ടാണ് 110 നിലയുള്ള വേള്‍ഡ് ട്രേഡ് സെന്‍റര്‍ ഓര്‍ഗനെെസേഷന്‍റെ ടവര്‍ നിലംപതിച്ചത്. ഈ വിസ്ഫോടനത്തിന്‍റെ ആഘാതത്തില്‍ വേള്‍ഡ് സെന്‍ററിന് അടുത്തുള്ള മറ്റ് കെട്ടിടങ്ങളും തകര്‍ന്നിരുന്നു. തകർന്നടിഞ്ഞ കോൺക്രീറ്റ് കൂമ്പാരത്തിനുള്ളിൽ നിന്ന് ഒന്നൊന്നായി മൃതദേഹങ്ങൾ പുറത്തെടുക്കുന്ന കാഴ്ച ഇന്നും ഹൃദയഭേദകമാണ്. ഭീകരാക്രമണത്തെ തുടർന്നുണ്ടായ കെട്ടിടാവശിഷ്ടങ്ങൾ പൂർണമായും നീക്കം ചെയ്യാനായത് മേയ് 2002 ലാണെന്ന് ചരിത്ര രേഖകള്‍ പറയുന്നു.

ഈ ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരനായ ഒസാമ ബിന്‍ ലാദന്റെ തലയ്ക്ക് അന്നത്തെ പ്രസിഡന്‍റായിരുന്ന ജോര്‍ജ് ബുഷ് 25 മില്യൺ ഡോളർ ഇനാം പ്രഖ്യാപിച്ചിരുന്നു. തുടർന്ന് വർഷങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ 2011 മെയ് 2ന് പ്രസിഡന്‍റ് ബറാക് ഒബാമയുടെ ഉത്തരവ് പ്രകാരം അമേരിക്കയുടെ സീല്‍ എന്ന കമാന്റോ സേന പാകിസ്താനിലെത്തി ബിന്‍ ലാദനെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ബിന്‍ ലാദന്‍ കൊല്ലപ്പെട്ടെങ്കിലും ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭീകരാക്രമണങ്ങളില്‍ ഒന്നായ 9/11അമേരിക്കന്‍ ജനതയെ ഇന്നും പേടിപ്പെടുത്തുന്നു.

 

 

 

By Binsha Das

Digital Journalist at Woke Malayalam