Reading Time: 2 minutes

പരസ്പര സ്നേഹത്തിന്‍റെയും, മാനവികതയുടെയും സന്ദേശം പകര്‍ന്നുനല്‍കിയ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനം തന്നെ സിപിഎം കരിദിനം ആചരിക്കാന്‍ തിരഞ്ഞെടുത്തത് ശരിയായില്ലെന്നാണ് ഉയര്‍ന്നു വരുന്ന പൊതു അഭിപ്രായം. കോണ്‍ഗ്രസും- സിപിഎമ്മും തമ്മിലുള്ള കുടിപ്പകക്കൊലയിൽ പ്രതിഷേധം പ്രകടിപ്പിക്കാന്‍ നവോത്ഥാന പുരുഷന്റെ ജന്മദിനം തന്നെ തിരഞ്ഞെടുത്തത് ഗുരുനിന്ദയാണെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ പേരില്‍ വലിയ തോതിലുള്ള വിമര്‍ശനമാണ് ഉയരുന്നത്.

ശ്രീനാരായണഗുരുദേവ ജയന്തി ദിനമായ ഇന്ന് സിപിഎം കരിദിനമാചരിക്കുന്നതിൽ ശക്തമായ പ്രതിഷേധവും അമർഷവും രേഖപ്പെടുത്തുന്നുവെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശൻ പ്രതികരിച്ചു.

‘ജനലക്ഷങ്ങൾ പ്രത്യക്ഷദൈവമായി ആരാധിക്കുന്ന ശ്രീനാരായണഗുരുദേവനോടുള്ള അനാദരവായി മാത്രമെ ഇതിനെ കാണാൻ സാധിക്കു. രണ്ട് ചെറുപ്പക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ ഞങ്ങൾക്കും ദുഃഖമുണ്ട്. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളോട് അങ്ങേയറ്റത്തെ സഹതാപവുമുണ്ട്. ആ സംഭവത്തിൽ പാർട്ടിയുടെ പ്രതിഷേധം മനസിലാക്കാം. പക്ഷേ ഞായറാഴ്ച നടന്നൊരു സംഭവത്തിന്റെ പേരിൽ മൂന്നുദിവസം കഴിഞ്ഞ് ശ്രീനാരായണഗുരുദേവ ജയന്തിനാളിൽത്തന്നെ പ്രതിഷേധിക്കാൻ തീരുമാനിച്ചതും, അതും കരിദിനമായി ആചരിക്കാൻ തീരുമാനിച്ചതും ഗുരുനിന്ദയാണ്’-വെള്ളാപ്പള്ളി നടേശന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ശനിയാഴ്ച രാത്രിയാണ് വെഞ്ഞാറമ്മൂട്ടില്‍ രണ്ട് ഡിവെെഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. തൊട്ടടുത്ത ദിവസങ്ങളിലൊന്നും കരിദിനം ആചരിക്കാതെ ഗുരുജയന്തി ദിനം തന്നെ തിരഞ്ഞെടുത്തത് അങ്ങേയറ്റത്തെ നീതികേടാണെന്നാണ് വിമര്‍ശനം. ശ്രീനാരായണ ഗുരു ജയന്തി ദിനമായ ചതയദിനത്തിൽ സിപിഎം കരിദിനമായി കൊണ്ടാടുന്നു. മുൻപ് ശിവഗിരി തീർത്ഥാടന ദിനത്തിൽ വനിതാ മതിൽ കെട്ടിയിരുന്നു. മുൻപ് സഖാക്കൾ ശ്രീനാരായണ ഗുരുദേവനെ കുരിശിൽ തറച്ചിരുന്നു. ഇനിയും അവഹേളിച്ചു മതിയായില്ലെയെന്ന് പലരും സാമൂഹ്യമാധ്യമങ്ങളിലൂടെ ചോദിക്കുന്നുണ്ട്.

ശ്രീനാരായണ ഗുരുദേവ ജയന്തിദിനത്തിൽ സംസ്ഥാനത്ത് കരിദിനം ആചരിക്കാനുള്ള തീരുമാനത്തിൽ നിന്നും സിപിഎം പിന്മാറണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ചതയദിനത്തെ കരിദിനമാക്കാനുള്ള സിപിഎം നീക്കം ലക്ഷക്കണക്കിന് ശ്രീനാരായണരോടുള്ള വെല്ലുവിളിയാണെന്നും സുരേന്ദ്രന്‍ പ്രസ്താവനയിൽ പറഞ്ഞു.

ശ്രീനാരായണീയർ ഏറെ പവിത്രമായി കാണുന്ന ഗുരുദേവ ജന്മദിനത്തിന്റെ ശോഭകെടുത്താനാണോ സിപിഎം ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുൻപ് ഗുരുദേവനെ കുരിശിൽ തറച്ചവരിൽ നിന്നും ഇതല്ലാതെ എന്ത് പ്രതീക്ഷിക്കാനാണ്? സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശ്രീനാരായണീയ സമൂഹം ഒത്തുച്ചേരുന്ന ദിവസം കരിദിനം വരുന്നത് ആശങ്കാജനകമാണെന്നും സുരേന്ദ്രൻ വിമര്‍ശിച്ചു.

1888 -ൽ അരുവിപ്പുറത്തു നിന്നും ആരംഭിക്കുന്ന ജാത്യാതീതവും മതാതീതവുമായ മനുഷ്യസങ്കല്പത്തിന്റെ പിറവിയുടെ ഓർമ്മയ്ക്ക് ഡിവെെഎഫ്ഐയുടെ കരിങ്കൊടി. ഇതൊരിക്കലും യാദൃശ്ചികമല്ല. സിപിഎമ്മിന്റെ യോഗാചാര്യനായിരുന്ന ഇ എം ശങ്കരൻ നമ്പൂതിരിപ്പാടിന് ഗുരു പ്രതിലോമകാരിയായിരുന്നു. ആ പാരമ്പര്യം നിലനിർത്താനോ ഇന്ന് കരിദിനം ആചരിച്ച് ഈ ഗുരുനിന്ദയെന്ന് ആക്ടിവിസ്റ്റ് പിഎ പ്രേംബാബു ചോദിക്കുന്നു.

തിരുവനന്തപുരത്ത് വെഞ്ഞാറമ്മൂട്ടില്‍ കോണ്‍ഗ്രസ് നടത്തിയ ഇരട്ടകൊലപാതകത്തില്‍ പ്രതിതിഷേധിച്ച് സെപ്റ്റംബര്‍ രണ്ട്, ശ്രീനാരായണ ഗുരു ജയന്തി ദിനത്തില്‍ കണ്ണൂര്‍ ജില്ലയില്‍ 20,000 കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും എന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

സിപിഎം സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത കരിദിനത്തിന്റെ ഭാഗമായിട്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ജാതിമത ചിന്തകള്‍ക്ക് അതീതമായി മനുഷ്യസ്നേഹത്തിന്റെ സന്ദേശം ജനങ്ങളിലെത്തിച്ച നവോത്ഥാന നായകനാണ് ശ്രീനാരായണ ഗുരു. മനുഷ്യസ്നേഹത്തിന്റെയും, സമാധനത്തിന്റെയും വാഹകനായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെയാണ് ശ്രീനാരായണ ജയന്തിദിനത്തില്‍ ഇത്തരമൊരു പ്രതിഷേധപരിപാടി സംഘടിപ്പിക്കുന്നതെന്നാണ് ജയരാജന്‍ പറയുന്നത്.

ഇന്നത്തെ ദിവസം നടക്കുന്ന പ്രതിഷേധപരിപാടി സദുദ്ദേശത്തെയാണെന്നാണ് സിപിഎം അവകാശപ്പെടുന്നത്. എന്നാല്‍, അപലപനീയം ഈ പാർട്ടിയുടെ പോക്ക് എന്ന് പറഞ്ഞ് ചിലര്‍ പരിതപിക്കുന്നു.

ഗുരുദേവൻ എന്തു തെറ്റാണ് നിങ്ങളോട് ചെയ്തത്? ജാതി മത വർണ്ണ വർഗ്ഗഭേദമെന്യേ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ബോധവൽക്കരണം നടത്തിയ മഹാനായ ആ സാമൂഹ്യപരിഷ്കർത്താവിന്റെ ജന്മദിനം എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി കൊണ്ടാടേണ്ട ഈ അവസരത്തിൽ, ഈ പുണ്യ ദിനത്തിൽ, സിപിഎം കാരെ, നിങ്ങൾ ചെയ്യുന്നത് തികഞ്ഞ അപരാധമാണെന്നാണ് അവരുടെ സദുദ്ദേശപരമായിട്ടുള്ള നടപടിക്കുള്ള സോഷ്യല്‍ മീഡിയയുടെ മറുപടി.

Advertisement