Fri. Jan 24th, 2025

തിരുവനന്തപുരം:

സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട ഉന്നതര്‍ ആരെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളക്കടത്തിനും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന പിണറായി സര്‍ക്കാര്‍ ചീഞ്ഞുനാറുകയാണെന്നും ചെന്നിത്തല വിമര്‍ശിച്ചു. സാമ്പ്രാണിത്തിരി കത്തിച്ചുവെച്ചാലോ ലോകത്തുള്ള എല്ലാ തെെലങ്ങളും ശേഖരിച്ച് പുരട്ടിയാലോ അതിന് സുഗന്ധമുണ്ടാകില്ല. അത്രമാത്രം ചീഞ്ഞൂനാറിയ കഥകളാണ് പുറത്തുവരുന്നതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയുടെ വിദേശയാത്രാസംഘത്തില്‍ സ്വപ്ന ഉള്‍പ്പെട്ടത് എന്തടിസ്ഥാനത്തിലാണെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നതാണ്. 2017 മുതല്‍ രാജ്യദ്രോഹപ്രവര്‍ത്തനം നടക്കുന്നു. എന്തുകൊണ്ട് മുഖ്യമന്ത്രി അറിഞ്ഞില്ലെന്നും ചെന്നിത്തല ചോദിച്ചു.

സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയായ ലൈഫിലും സ്വപ്‌നയുടെ പങ്കാളിത്തവും നേതൃത്വവും ഉണ്ടെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ലൈഫ് മിഷനും റെഡ് ക്രസന്റുമായുള്ള ധാരണാപത്രത്തിന്റെ പകര്‍പ്പ് നല്‍കണമെന്നാവശ്യപ്പെട്ട് എട്ടുദിവസം മുന്‍പ് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

 

By Binsha Das

Digital Journalist at Woke Malayalam