തിരുവനന്തപുരം:
പമ്പ മണൽകടത്തലിൽ അഴിമതിയുണ്ടെന്നും മണൽക്കടത്ത് വിജിലൻസ് അന്വേഷിക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഒരു പരാതിയിലും വിജിലൻസ് അന്വേഷണം നടത്തുന്നില്ലെന്നും വിജിലൻസിനെ വന്ധ്യംകരിച്ച സർക്കാരാണിതെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ വിജിലൻസിന്റെ പല്ല് പൊഴിച്ചു എന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
പമ്പ മണലെടുപ്പിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന സർക്കാർ തീരുമാനത്തിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. ദുരന്ത നിവാരണ നിയമ പ്രകാരം പമ്പയിലെ സ്വാഭാവിക നീരൊഴുക്ക് പുനസ്ഥാപിക്കാനും ജലസംഭരണശേഷി കൂട്ടാനും മണൽ നീക്കം അനിവാര്യമാണെന്നാണ് സർക്കാർ വ്യക്തമാക്കിയത്.