ഡൽഹി:
സ്വയം പര്യാപ്ത ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളികൾ മറികടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. മെയ്ക്ക് ഫോർ വേൾഡിനാണ് ലക്ഷ്യമിടുന്നതെന്നും ലോകം വളരണമെങ്കിൽ ഇന്ത്യ വളരണമെന്നും മോദി പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ ഓരോ പൗരനും കൊവിഡ‍് വാക്സിൻ എത്തിക്കുമെന്നും അടിസ്ഥാനസൗകര്യവികസനത്തിന് 110 ലക്ഷം കോടിയുടെ പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിനെതിരെ പോരാടുന്നവര്‍ക്ക് സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി അദരമർപ്പിച്ചു. രാജ്യത്തിന്റെ പോരാട്ടം വിജയിക്കുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ രാജ്യത്തിന് നൽകുന്നത് മഹനീയ സേവനമാണെന്നും നിശ്ചയദാര്‍ഢ്യം കൊണ്ട് കൊവിഡ് പ്രതിസന്ധിയെ മറികടക്കാൻ സാധിക്കുമെന്നും മോദി ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാറും സംസ്ഥാനങ്ങളും ഇതിനായി ഒന്നിച്ച് നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം നിലവിലുള്ള 18 വയസ്സിൽ നിന്നും ഉയർത്തും, ഒരു ലക്ഷം എൻസിസി കേഡറ്റുകളെ കൂടി അതിർത്തി ജില്ലകളിൽ വിന്യസിക്കും തുടങ്ങി പ്രഖ്യാപനങ്ങളും പ്രധാനമന്ത്രി നടത്തി.
രാജ്ഘട്ടിൽ രാഷ്ട്രപിതാവിന് ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലേക്ക് എത്തിയത്. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് സ്വാതന്ത്ര്യദിന ആഘോഷ ചടങ്ങുകൾ ചെങ്കോട്ടയിൽ നടന്നത്.