Sat. Apr 27th, 2024
കോഴിക്കോട്:

 
പ്രശസ്ത ഫോട്ടോഗ്രാഫർ പുനലൂർ രാജൻ (81) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ 1.40-ഓടെയായിരുന്നു അന്ത്യം. ഹൃദ്രോഗ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.  സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രതിഭകളെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭയായിരുന്നു പുനലൂർ രാജൻ.

വൈക്കം മുഹമ്മദ് ബഷീർ, തകഴി, ജോസഫ് മുണ്ടശ്ശേരി, എ കെ ജി, ഇ എം എസ്, ഇന്ദ്രജിത്ത് ഗുപ്ത, എം ടി വാസുദേവൻ നായർ, എസ് കെ പൊറ്റെക്കാട്ട്, ഇടശ്ശേരി, അക്കിത്തം, ഉറൂബ്, പൊൻകുന്നം വർക്കി, മാധവിക്കുട്ടി എന്നിവരുടെ അത്യപൂർവ ചിത്രങ്ങൾ പകർത്തിയതിലൂടെയാണ് രാജൻ നിശ്ചല ഛായാഗ്രഹണ മേഖലയിൽ തന്റേതായ സ്ഥാനം അടയാളപ്പെടുത്തുന്നത്.

1939ൽ  കൊല്ലം ജില്ലയിലെ ശൂരനാട്ട് പുത്തൻവിളയിൽ ശ്രീധരന്റെയും പള്ളിക്കുന്നത്ത് ഈശ്വരിയുടെയും മകനായായിരുന്നു  ജനനം. പുനലൂർ ഹൈസ്‌കൂളിലായിരുന്നു പത്താംക്ലാസ് വരെ പഠനം. അക്കാലത്ത് കവിതകളും കഥകളുമെഴുതി തുടർച്ചയായി സമ്മാനങ്ങൾ നേടി. മാവേലിക്കര രവിവർമ സ്‌കൂളിൽനിന്ന് ഫൈൻ ആർട്സ് ഡിപ്ലോമ നേടി. 1963-ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫറായി എത്തിയ ശേഷം പിന്നീട് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു.

സ്വന്തമായി സിനിമയെടുക്കുക എന്ന ലക്ഷ്യത്തോടെ കമ്യൂണിസ്റ്റ് പാർട്ടി സിനിമാപഠനത്തിനായി രാജനെ റഷ്യയിലേക്കയച്ചിരുന്നു, എന്നാൽ, രാജൻ  മോസ്‌കോ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിമോട്ടോഗ്രഫിയിൽ മൂന്നുകൊല്ലത്തെ പഠനം പൂർത്തിയാക്കി എത്തിയപ്പോഴേക്കും പാർട്ടി സിനിമ മോഹം ഉപേക്ഷിച്ചിരുന്നു.

‘ബഷീർ: ഛായയും ഓർമയും’, ’എം. ടിയുടെ കാലം’ എന്നിവയാണ്  രാജൻ രചിച്ച പുസ്തകങ്ങൾ. രണ്ടാം ലോക മഹായുദ്ധം ചിന്നഭിന്നമാക്കിയ പ്രദേശങ്ങളിൽ സഞ്ചരിച്ച് തയ്യാറാക്കിയ ’മഹായുദ്ധത്തിന്റെ മുറിപ്പാടുകൾ’ എന്ന ചിത്രത്തിന് സോവിയറ്റ് ലാൻഡ് നെഹ്റു അവാർഡ് ലഭിച്ചു.

ഭാര്യ: തങ്കമണി (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. അച്യുതൻ ഗേൾസ് എച്ച് എസ്എസ്, ചാലപ്പുറം), മകൻ ഡോ. ഫിറോസ് രാജൻ (കാൻസർ സർജൻ, കൊവൈ മെഡിക്കൽ സെന്റർ, കോയമ്പത്തൂർ) മകൾ ഡോ. പോപ്പി രാജൻ (ക്വലാലംപുർ മെഡിക്കൽ കോളേജ്).

By Arya MR