Wed. Nov 6th, 2024
തിരുവനന്തപുരം:

 
സര്‍വ്വ മനുഷ്യരും തുല്യരായിത്തീരുന്ന ആ സുദിനത്തിലേക്ക് നമുക്ക് മുന്നേറാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ 74-ാം സ്വാതന്ത്ര്യ ദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു. ബഹുസ്വരതയുടെ വര്‍ണ്ണരാജിയായി നമ്മുടെ രാജ്യം തെളിഞ്ഞുയരുന്ന നാളിലേക്ക് നീങ്ങാമെന്നും അദ്ദേഹം പറഞ്ഞു. ഐക്യവും പരസ്പരവിശ്വാസവും ഊട്ടിയുറപ്പിച്ചു കൊണ്ടും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും ഭരണഘടനാസ്ഥാപനങ്ങളെ സംരക്ഷിച്ചുകൊണ്ടും സാമ്രാജ്യത്വ നീക്കങ്ങളെ ചെറുത്തുകൊണ്ടും പൗരാവകാശങ്ങളും ജനാധിപത്യ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ടും സാമൂഹ്യനീതി ഉറപ്പാക്കിക്കൊണ്ടും മതനിരപേക്ഷതയെ ശക്തിപ്പെടുത്തിക്കൊണ്ടും പുതിയ ഒരിന്ത്യ കെട്ടിപ്പടുക്കാനുള്ള പരിശ്രമത്തില്‍ നമുക്കൊന്നായി കൈകോര്‍ക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

“കൊവിഡ് എന്ന മഹാമാരിക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതിന് കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം പങ്കാളികളായി. കൊവിഡിന് ഒപ്പം ഇനിയും നമുക്ക് സഞ്ചരിക്കേണ്ടിവരും. കൊവിഡിനെതിരെ യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സാധിക്കണം”- മുഖ്യമന്ത്രി.

കരിപ്പൂര്‍ വിമാനാപകട സമയത്ത് മലപ്പുറം ജില്ലാ കളക്ടറുമായി സമ്പർക്കത്തിലേർപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ തിരുവനന്തപുരത്ത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങളിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പതാക ഉയർത്തിയത്. എന്നാൽ മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രി കെകെ ശൈലജയുടേയും ആന്റിജൻ ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു.

മന്ത്രിമാരായ ഇ പി ജയരാജൻ, എ കെ ശശീന്ദ്രൻ, എ സി മൊയ്തീൻ, വി എസ് സുനിൽകുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ, ഡോ കെ ടി ജലീൽ തുടങ്ങിയവരും നിരീക്ഷണത്തിലാണ്. എല്ലാവരും വരുന്ന ഏഴ് ദിവസത്തേക്ക് സ്വയം നിരീക്ഷണത്തിൽ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam