Wed. Jan 22nd, 2025

വാഷിങ്ടണ്‍ ഡിസി:

അമേരിക്കയുടെ ഭരണ തലപ്പത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജയായി ചരിത്രത്തിലേക്ക് ഇടംപിടിക്കാനൊരുങ്ങുകയാണ് കമല ഹാരിസ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ജോ ബെെഡന്‍ വെെസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജയായ കമല ഹാരിസിനെ തിരഞ്ഞെടുത്തതോടെ അവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം. കമല ഹാരിസിന്‍റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ 2024ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയാകാനും സാധ്യതയുണ്ട്. അങ്ങനെ അമേരിക്കന്‍ ചരിത്രത്തിലാധ്യമായി ഒരു കറുത്ത വര്‍ഗ്ഗക്കാരി  പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാല്‍ മറ്റൊരു ചരിത്രവും കുറിക്കപ്പെടും.

കമല ഹാരിസിന്‍റെ ഇന്ത്യന്‍ വേര്

നിലവില്‍ കാലിഫോര്‍ണിയയിലെ സെനറ്ററായ കമല ഹാരിസിന്‍റെ മാതാവ് ശ്യാമള ഗോപാലന്‍ ഇന്ത്യക്കാരിയാണ്. തമിഴ്നാട്ടിലെ ചെന്നൈയില്‍ ജനിച്ചുവളര്‍ന്ന ശ്യാമള 1960കളില്‍ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. പ്രമുഖ അര്‍ബുദ ക്യാൻസർ ഗവേഷകയും മനുഷ്യാവകാശ പ്രവർത്തകയുമായിരുന്നു ശ്യാമള. പിതാവ് സാമ്പത്തികശാസ്ത്രത്തില്‍ പ്രൊഫസറായ
ഡൊണാള്‍ഡ് ഹാരിസ് ജമൈക്കന്‍ വംശജനാണ്. 1964 ഒക്ടോബര്‍ ഇരുപതിന് കാലിഫോര്‍ണിയയിലെ ഓക്ക്‌ലാന്‍ഡിലാണ് കമലയുടെ ജനനം.

കമല ഹാരിസിന്‍റെ ഔഗ്യോഗിക ജീവിതം 

2016ൽ കാലിഫോർണിയയിൽ നിന്നുള്ള ആദ്യ കറുത്തവർഗക്കാരിയായ സെനറ്ററാണ് 55കാരിയായ കമല ഹാരിസ്. 2004 -2011 വരെ സാന്‍ഫ്രാന്‍സിസ്കോ ഡിസ്ട്രിക്ട് അറ്റോര്‍ണിയായാണ് രാഷ്ട്രീയ രംഗത്തേക്കുള്ള ആദ്യ ചുവട് വെയ്പ്പ് നടത്തുന്നത്. രണ്ട് തവണ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഡിസ്ട്രിക്ട് അറ്റോര്‍ണിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011 മുതൽ 2017 വരെ കാലിഫോർണിയയുടെ അറ്റോണി ജനറൽ സ്ഥാനം വഹിച്ചിട്ടുണ്ട്.

വിദ്യാഭ്യാസം

വാഷിങ്ടണിലെ ഹോവാര്‍ഡ് സര്‍വകലാശാലയില്‍നിന്നാണ് കമല ബിരുദം നേടിയത്. ആഫ്രിക്കന്‍-അമേരിക്കന്‍ വനിതാസമാജമായ ആല്‍ഫ കാപ്പ ആല്‍ഫയിലെ അംഗമായിരുന്നു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഹേസ്റ്റിങ്‌സ് കോളേജ് ഓഫ് ലോയില്‍നിന്നാണ് കമല നിയമബിരുദം നേടിയത്. അഭിഭാഷക എന്ന നിലയിൽ തിളക്കമുള്ള കരിയറാണ് കമലയുടേത്.

ജോ ബെെഡനുമായുള്ള ബന്ധം 

രാജ്യത്തെ ഏറ്റവും മികച്ച പൊതുപ്രവര്‍ത്തകരില്‍ ഒരാളെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ തനിക്ക് അഭിമാനമുണ്ടെന്നായിരുന്നു ജോ ബൈഡന്‍ കമലയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍, നേരത്തെ, ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ ബൈഡന്റെ ശക്തയായ വിമർശകയായിരുന്നു കമല ഹാരിസ്. ജോ ബൈഡന്‍ സ്വജനപക്ഷപാതിയാണെന്ന് കമല ഹാരിസ് വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.  പിന്നീട് അദ്ദേഹത്തിന്റെ അനുയായിയായി അവര്‍ മാറുകയായിരുന്നു. 2016 ൽ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം, കോൺഗ്രസ് ഹിയറിംഗിനിടെ ട്രംപ് ഭരണകൂട ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതോടെ കമല ഹാരിസ് ലോകശ്രദ്ധ നേടിയിരുന്നു. 2019ല്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന് മത്സരിക്കാന്‍ കമല നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പിന്മാറുകയായിരുന്നു.

‘ഫീമെയ്ല്‍ ബരാക്ക് ഒബാമ’
സംവാദ വേദികളിലെല്ലാം ബൈഡനെക്കാൾ വളരെ ഊർജസ്വലമായ പ്രചാരണ ശൈലിയും വാക്ചാതുര്യവുമുള്ള കമലയ്ക്ക് ആരാധകര്‍ ഏറെയുണ്ട്. ‘ഫീമെയ്ല്‍ ബരാക്ക് ഒബാമ’ എന്നാണ് അനുയായികള്‍ വിശേഷിപ്പിക്കുന്നത്. അമേരിക്കയിലുള്ള  വംശായാതിക്രമങ്ങള്‍ക്കെതിരെ ശക്തമായി പോരാടുന്ന ധീര വനിത കൂടിയാണ് കമല ഹാരിസ്. കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങളെ അതിര്‍ത്തിയില്‍ പിടിച്ചുകൊണ്ട് പോയ ട്രംപ് ഭരണകൂടത്തിന്‍റെ നടപടിയെ വളരെ ശക്തമായ ഭാഷയിലാണ് കമല വിമര്‍ശിച്ചത്. മാനവരാശിക്കെതിരായ കുറ്റകൃത്യമാണ് യുഎസ്സില്‍ ട്രംപ് ഭരണകൂടം നടപ്പാക്കുന്നതെന്നായിരുന്നു കമലയുടെ വിമര്‍ശനം. കമലയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ഇരുകെെയ്യും നീട്ടിയാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ സ്വീകരിച്ചത്. തന്‍റെ ദീര്‍ഘകാല സുഹൃത്തായ കമല ഭരണഘടന സംരക്ഷിക്കുന്നതിന് വേണ്ടി പോരാടുന്ന, കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി കെെത്താങ്ങാകുന്ന നേതാവാണെന്ന് ബറാക് ഒബാമ പ്രതികരിച്ചു.

അമ്മ നല്‍കിയ പോരാട്ടവീര്യം 

ആത്മവിശ്വാസമുള്ള കറുത്ത സ്ത്രീകളായി മക്കളെ വളര്‍ത്തണമെന്ന് ദൃഢനിശ്ചയമെടുത്ത ധീരയായ വനിതയായിരുന്നു ശ്യാമള ഗോപാലന്‍. തനിക്ക് കരുത്തും ആത്മവിശ്വാസവും പകര്‍ന്ന് തന്നത് അമ്മയാണെന്ന് പലകുറി കമല ഹാരിസ് പറഞ്ഞിട്ടുമുണ്ട്. ‘ശ്യാമള ഗോപാലന്‍ ഹാരിസിന്റെ മകളായി ജനിച്ചതില്‍ എനിക്ക് അഭിമാനമുണ്ട്. ലോകത്തിലേറ്റവും പ്രിയപ്പെട്ട സത്യവും അതാണ്.’ എന്നായിരുന്നു കമല അമ്മയെകുറിച്ചുള്ള ഓര്‍മ്മകുറിപ്പില്‍ കുറിച്ചത്.  ‘ഇന്ന് ഞാന്‍ അമ്മയെ പറ്റി ഓര്‍ത്തു. അമ്മ ഒരു പോരാളിയായിരുന്നു. ഈ നിമിഷം അമ്മ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മൂല്യങ്ങള്‍ക്കായി പോരാടാന്‍ അമ്മയുടെ ആത്മാവ് ഇപ്പോഴും എന്നെ പ്രേരിപ്പിക്കുന്നു.’ വെെസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയാകുന്ന സന്തോഷം പങ്കുവെച്ച് കൊണ്ട് കമല ഹാരിസ് ഇങ്ങനെയായിരുന്നു ട്വിറ്ററില്‍ കുറിച്ചത്.

2020ലെ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വേരുകളുളള കറുത്ത വംശജ ട്രംപിനെതിരെ പോരാടാന്‍ ഇറങ്ങുമ്പോള്‍ ലോകത്തിന്‍റെ മുഴുവന്‍ കണ്ണുകളും യുഎസ്സിലേക്കാണ്. 78കാരനായ ജോ ബൈഡന്‍ പ്രസിഡന്റായാല്‍ അമേരിക്കയിലെ ഏറ്റവും പ്രായമേറിയ പ്രസിഡന്‍റെന്ന നേട്ടം അദ്ദേഹത്തിനൊപ്പമുണ്ടാകും. വെെസ് പ്രസിഡന്‍റായി ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ അമേരിക്കയിലെ ആദ്യ വനിത വൈസ് പ്രസിഡന്റ് എന്ന പ്രത്യേകതയും കമലയ്ക്ക് സ്വന്തമാകും. ഒരു രണ്ടാം മത്സരത്തിന് താന്‍ ഉണ്ടാകില്ലെന്നു ബൈഡന്‍ പറയുമ്പോള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായും ഒരു പക്ഷേ കമല ലോകശ്രദ്ധ നേടും.

 

By Binsha Das

Digital Journalist at Woke Malayalam