Reading Time: 3 minutes

പരിസ്ഥിതി ആഘാത പഠന കരട് വിജ്ഞാപനത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തിൽ സി.ആർ. നീലകണ്ഠൻ വോക്ക് മലയാളത്തോട് പ്രതികരിക്കുന്നു.

പരിസ്‌ഥിതി ആഘാത പഠനം  അഥവാ  ഇഐഎ-2020 എന്ന രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കരട് വിജ്ഞാപനം രാജ്യത്ത് ഇതുവരെ നിലനിന്നിട്ടുള്ള  മുഴുവൻ പാരിസ്ഥിതിക നീതിയെയും ലംഘിക്കുന്നതാണ്.നമ്മുടെ പാരിസ്ഥിതിക നിയമങ്ങളുടെയും അതിന്റെ ഭാഗമായി ഉണ്ടായ കോടതി വിധികളുടെയും ലംഘനമാണ് ഇഐഎ-2020. അതുകൊണ്ടുതന്നെ ഇത് ശക്തമായി എതിർക്കപ്പെടണം.

നീതിയുടെ ഭാഗമായുള്ള കരുതൽ തത്വം മുതൽ പൊല്യൂട്ടർ ബേസ്ഡ്  പ്രിൻസിപ്പൽ  അടക്കം ഇതിൽ ലംഘിക്കപ്പെടുകയാണ്.അതുകൊണ്ടുതന്നെ  ഏതുപദ്ധതിയും ഈ തത്വങ്ങൾ ഒക്കെ തന്നെ ലംഘിച്ചുകൊണ്ട് ഒരു അനുമതിയും ഇല്ലാതെ നമുക്ക് ആരംഭിക്കാം എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ  എത്തിനില്ക്കുകയാണ്. വനസംരക്ഷണം നിർണായകമായ ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത് . ഓരോ പ്രദേശത്തും നാം നടത്തുന്ന ഇടപെടലുകൾ എത്ര ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് മുൻകൂർ പഠിക്കണമെന്നുള്ളതാണ് നിലവിലുള്ള നിയമം.പഠിക്കാതെ അതിന് അനുമതി കൊടുക്കുക എന്നാൽ ദുരന്തം ഉണ്ടായ ശേഷം  പഠിക്കുക എന്നതു പോലെയാണ്. 

ഫോറസ്റ്റ് റൈറ്റ് ആക്ട ആണ്  നമ്മുടെ നാട്ടിൽ ഒരുപാട് സമരം ചെയ്തു നേടിയ ആക്ട്ണ്. ഈ ആക്ടിന്റെ   പൂർണമായ ലംഘനം ആയിരിക്കും  ഇഐഎ-2020  നിലവിൽ വന്നാൽ സംഭവിക്കാൻ പോകുന്നത്. കാരണം വനമായ ഒരു പ്രദേശത്ത് നിങ്ങൾക്ക് ഖനനം നടത്താൻ വനംവകുപ്പിന്റെ  അനുമതി പോലും വേണ്ട എന്ന സ്ഥിതിയിലേക്ക്   ഇഐഎ നമ്മെ കൊണ്ട് എത്തിക്കുകയാണ്. അതിനാൽ തന്നെ  പിന്നീട് അങ്ങോട്ട്  വനാവകാശനിയമം എന്നു പറയുന്നതുകൊണ്ട് എന്ത് അർത്ഥമാണ് ഉള്ളത്. 

ഈ അടുത്ത് നമ്മുടെ നാട്ടിൽ ഉണ്ടായ പെട്ടിമുടി ദുരന്തം,കഴിഞ്ഞ വർഷമുണ്ടായ കവളപ്പാറ, പുത്തുമല ദുരന്തങ്ങൾ. ഈ  ദുരന്തങ്ങൾ ഉണ്ടാകുന്നത് പാരിസ്ഥിതികമായി ദുർബലമായ പശ്ചിമഘട്ടത്തിലെ മനുഷ്യന്റെ ഇടപെടൽ കൊണ്ടുകൂടിയാണ് എന്ന് നമുക്കിന്ന് വ്യക്തമായി അറിയാം. മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് അടക്കം അതുമായി ബന്ധപ്പെട്ട  രേഖകൾ നമുക്ക് മുന്നിലുണ്ട്. പക്ഷേ അതൊന്നും പരിഗണിക്കാതെ നിങ്ങൾക്ക് ഏതു പാരിസ്ഥിതിക ദുർബല മേഖലയിലും എന്തും ചെയ്യാൻ അനുമതി നൽകുന്ന  ഇത്തരം നിയമ ഭേദഗതികൾ നമുക്ക് അംഗീകരിക്കാൻ പറ്റില്ല.

പ്രകാശ് ജാവദേക്കർ എന്ന  മന്ത്രി ഖനവ്യവസായത്തിന്റെ  മന്ത്രിയാണ്. അദ്ദേഹം തന്നെയാണ് പരിസ്ഥിതി വകുപ്പ് മന്ത്രിയും . ഖനവ്യവസായ മന്ത്രിയും പരിസ്ഥിതി മന്ത്രിയും ഒരാൾ തന്നെ ആയാൽ  എന്ത് ദുരന്തമാണ് ഉണ്ടാകാൻ പോകുന്നതെന്ന്  ഞാൻ പറയാതെ തന്നെ എല്ലാവരും  മനസിലാക്കണം  . കാരണം അയാളുടെ താല്പര്യം എന്തിനോട് ആയിരിക്കുമെന്ന് നമ്മുക്ക് ഊഹിക്കാൻ  കഴിയും.

ഇന്ന് ലോകം മുഴുവൻ  ജനങ്ങളുടെ പാരിസ്ഥിതിക പങ്കാളിത്തത്തെ കുറിച്ചും  ജനങ്ങളെ കൂടുതലായി പാരിസ്ഥിതിക കാര്യങ്ങളിൽ ഇടപെടുത്തുന്നതിനെ കുറിച്ചും നിലപാട് എടുക്കുമ്പോൾ, പബ്ലിക്ക് ഹിയറിങ്   എന്നത് ഇഐഎലൂടെ ഒരു തമാശയാക്കി മാറ്റുകയാണ് നമ്മുടെ രാജ്യം. ഒരു പാരിസ്ഥിതിക ആഘാത പഠനം നടത്തി കഴിയുമ്പോൾ ജനങ്ങളുടെ മുൻപിൽ ആ പഠനം വയ്ക്കുക. അതിനു  ശേഷം ജനങ്ങൾ അത് പഠിക്കുകയും ജനങ്ങളുടെ അഭിപ്രായം കൂടി കേൾക്കുകയും വേണം . അത് കഴിഞ്ഞു മാത്രമെ ഒരു നടപടി എടുക്കാവു   എന്നതാണ് പബ്ലിക് ഹിയറിങ്. പക്ഷേ ഇഐഎ-2020 ലൂടെ അത് പൂർണമായി ഇല്ലാതാവുന്നു.അതുകൊണ്ടുതന്നെ ഇഐഎ-2020 തടയപ്പെടേണ്ട ഒന്നാണ് 

കേരള സർക്കാർ എന്തുകൊണ്ട് ഇഐഎ-2020ക്ക് എതിരെ നിലപാട് വ്യക്തമാക്കുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു . അവർ അതിനെതിരെ ശക്തമായ നിലപാട് എടുക്കേണ്ടതാണ്  . അതിന് കാരണം, ഇഐഎ 2020   തള്ളിക്കളയണം എന്ന്  സിപിഎം കേന്ദ്രനേതൃത്വം കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ അതിന്റെ  കീഴെയുള്ള സംസ്ഥാന ഘടകത്തിനും അതിന്റെ  മുഖ്യമന്ത്രിക്കും മറിച്ചൊരു നിലപാട് എടുക്കാൻ സാധിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. കൂടാതെ കാലാവസ്ഥ മാറ്റത്തിന്റെ പ്രത്യാഘാതങ്ങൾ കഴിഞ്ഞ മൂന്ന്  വർഷം തുടർച്ചയായി ഏറ്റിട്ടുള്ള ഒരു സംസ്ഥാനമാണ് കേരളം. മൂന്നു വർഷവും നമുക്ക് വിലയേറിയ മനുഷ്യജീവനും,  സമ്പത്തും വലിയ തോതിൽ നഷ്ടപ്പെട്ടിരുന്നു അതുകൊണ്ടുതന്നെ കേരള ഗവൺമെന്റ് ഇഐഎ-2020 ശക്തമായി എതിർക്കുമെന്ന് തന്നെ ഞാൻ കരുതുന്നു .

കാരണം ഇനിയും ഇത്തരം ആഘാതങ്ങൾ ഉണ്ടാകാതിരിക്കാൻ ഇഐഎ  പോലുള്ളവക്കെതിരെ ശക്തമായ നടപടിയെടുക്കുക  തന്നെ  വേണം . മറ്റൊരു പ്രധാന കാരണം കോർപ്പറേറ്റുകൾക്ക് വേണ്ടി മാത്രമാണ് ഇത് ചെയ്യുന്നതെന്ന് വ്യക്തമാണ്. കാരണമെന്തെന്നാൽ 150000 ചതുരശ്ര മീറ്റര്‍ വിസ്തീർണ്ണം വരെയുള്ള കെട്ടിടങ്ങൾക്ക്  പാരിസ്ഥിതികാനുമതി നൽകുന്നത്  സാധാരണക്കാരനൊ, ആദിവാസിക്കൊ , ദളിതനൊ , പാവപ്പെട്ട കർഷകനൊ വീടുവയ്ക്കാൻ വേണ്ടിയൊന്നുമല്ലന്ന് നമുക്ക് വ്യക്തമാണ് കാരണം അവർക്ക് 1,50,000 ചതുരശ്രമീറ്റർ വിസ്തീർണ്ണമുള്ള ഒരു വീടിന്റെ  ആവശ്യമൊന്നുമില്ലാ. അപ്പോൾ ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് കോർപ്പറേറ്റുകളെ മാത്രം ഉദ്ദേശിച്ചാണ് ഇത്തരമൊരു ഭേദഗതി വന്നതെന്ന്. അങ്ങനെ കോർപ്പറേറ്റുകൾക്ക് വേണ്ടി മാത്രമുള്ള സൗജന്യത്തിന് കേരളത്തിലെ ഇടതുപക്ഷ സർക്കാർ കൂട്ടു നിൽക്കുമെന്ന് എനിക്ക്  തോന്നുന്നില്ല അവർ കൂട്ടുനിൽക്കില്ല എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ അവർ അഭിപ്രായം പറയണം. ഇല്ലെങ്കിൽ തെറ്റിദ്ധരിക്കപ്പെടാൻ ഇടയുണ്ട്. പറയും എന്ന് ഞാൻ കരുതുന്നു.

എന്തായാലും സാധാരണ പൗരന്മാരെ സംബന്ധിച്ചിടത്തോളം ഇതിനെതിരെ ഉള്ള  അഭിപ്രായം ജനങ്ങൾ അറിയണം, സർക്കാരിനെ അറിയിക്കണം. ഈ പോരാട്ടം ഇന്ന് രാത്രി കൊണ്ട് അവസാനിച്ചു എന്ന് ഞാൻ കരുതുന്നില്ല. കാരണം ഈ സമരം തുടരേണ്ടതുണ്ട്.അഭിപ്രായം ഇന്നു മാത്രമല്ല ഇനിയും പറയണം. ജനങ്ങളുടെ അഭിപ്രായത്തിന് ഏതു സർക്കാരും വില കൊടുക്കേണ്ടത് ഔദ്യോഗികമായി മാത്രമല്ല അതുകൊണ്ട് അനൗദ്യോഗികമായും ഈ വിഷയത്തിൽ ജനങ്ങളുടെ ഇച്ഛ പുറത്ത് പ്രകടിപ്പിക്കണം. ജനവിരുദ്ധമായ ഈ വിജ്ഞാപനം നടപ്പാക്കാൻ പാടില്ല. അതുകൊണ്ട് തന്നെ  ഇത് റദ്ദാക്കണമെന്ന ആവശ്യം ശക്തമായ ഉയർന്നുകൊണ്ടിരിക്കണം.’

 

Advertisement