തിരുവനന്തപുരം:
എൻഐഎയും കസ്റ്റംസും അടക്കം നടത്തുന്ന അന്വേഷണം തീരുന്നതോടെ സ്വർണക്കടത്ത് കേസ് യുഡിഎഫിനും ബിജെപിക്കും ബൂമറാങ് ആകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കേസ് അന്വേഷണം തീരും വരെ കാത്തിരിക്കാനും കോടിയേരി പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു മാറ്റവും വരുത്തില്ല. നടപടി എം ശിവശങ്കറിൽ ഒതുങ്ങിയെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സംസ്ഥാന സർക്കാറിന്‍റെ വികസന പ്രവര്‍ത്തനങ്ങൾ യുഡിഎഫിനേയും ബിജെപിയേയും വിറളിപിടിപ്പിച്ചിരിക്കുകയാണെന്നും കോടിയേരി പരിഹസിച്ചു.
അതേസമയം, അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിൽ സർക്കാർ ഭാഗമാകുന്നത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആര്‍എസ്എസ് കോൺഗ്രസ് ചങ്ങാത്തം അയോധ്യയിലും മറനീക്കി പുറത്ത് വരികയാണ്. കേരളത്തിലും ബിജെപിയും കോൺഗ്രസും ഒരുമിച്ചാണ്. രാജ്യത്തെ മതനിരപേക്ഷ ശക്തികൾക്ക് ആശങ്കയുണ്ടാക്കുന്നതാണ് രാമക്ഷേത്ര നിർമ്മാണമെന്നും കോടിയേരി പറഞ്ഞു.
ദേശീയതലത്തില്‍ കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റ്‌വത്കരണനയം ശക്തിപ്പെടുത്തി കൊണ്ടിരിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ മേഖലകളും ബഹുരാഷ്ട്ര കുത്തകകള്‍ക്കും വന്‍കിട മുതലാളിമാര്‍ക്കും തുറന്നിട്ടു കൊടുക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്.
നിർമ്മാണ പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി അനുമതി ഒഴിവാക്കാനുളള കേന്ദ്ര സർക്കാർ നീക്കത്തിൽ കേരളം എതിർപ്പറിയിക്കുമെന്നും കോടിയേരി വ്യക്തമാക്കി. ഓരോ നിര്‍മാണ പ്രവര്‍ത്തനത്തിനും പരിസ്ഥിതി ആഘാതം എത്രത്തോളം ഉണ്ടെന്ന് ഇനി പരിശോധിക്കേണ്ട എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഈ ഉത്തരവ് വലിയതോതില്‍ പരിസ്ഥിതി സംരക്ഷണത്തിന് കോട്ടമുണ്ടാക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി.