തിരുവനന്തപുരം:
അധികാര കേന്ദ്രങ്ങളിലെല്ലാം വലിയ സ്വാധീനമുള്ള ആളാണ് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് എന്ന് കസ്റ്റംസ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ സ്വപ്ന നൽകിയ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് നൽകിയ റിപ്പോർട്ടിലാണ് കസ്റ്റംസിന്റെ പരാമർശം. കേരള പോലീസിൽ വളരെ വലിയ സ്വാധീനമുള്ള സ്വപ്ന ഈ ബന്ധങ്ങൾ ഉപയോഗിച്ച് പലരെയും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം വലിയ സ്വാധീനം സ്വപ്നയ്ക്കുണ്ടെന്ന എൻഐഎ റിപ്പോർട്ടിന് പിന്നാലെയായിരുന്നു കസ്റ്റംസിന്റെ വെളിപ്പെടുത്തൽ.
അതേസമയം കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിച്ചുവെന്ന പേരിൽ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന് സസ്പെൻഷൻ നൽകി. നേരത്തെ എയര്‍ ഇന്ത്യാ സാറ്റ്സ് ജീവനക്കാരിയായി പ്രവർത്തിച്ചുകൊണ്ടിരിക്കെ സ്വപ്ന കള്ളപ്പരാതി നൽകി കുരുക്കിലാക്കാൻ ശ്രമിച്ച ഓഫീസർ എൽഎസ് സിബുവിനെയാണ് എയര്‍ഇന്ത്യ ഇപ്പോൾ സസ്പെന്‍റ് ചെയ്തിരിക്കുന്നത്. എയർ ഇന്ത്യാ ഉദ്യോഗസ്ഥനായ എൽഎസ് സിബുവിനെതിരെ വ്യാജമായി ലൈംഗിക പരാതിയുണ്ടാക്കിയ കേസിൽ സ്വപ്നയും എയർ ഇന്ത്യാ സാറ്റ്സ് മുൻ വൈസ് പ്രസിഡന്‍റ് ബിനോയ് ജേക്കബ്ബും പ്രതികളാണ്. ഇതിൽ ഇരുവരും ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുകയാണ്. അതേസമയം സിബുവിന്റെ പരാതിയിലായിരുന്നു സ്വപ്‌ന വ്യാജരേഖ ചമച്ചതും ആള്‍മാറാട്ടം നടത്തിയതും ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
കേസിലെ മുഖ്യആസൂത്രകനായ കെടി റമീസ് ടാൻസാനിയ സന്ദർശിച്ചിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആഫ്രിക്കൻ ലഹരി മരുന്ന് സംഘങ്ങളിലേക്ക് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് എൻഐഎ. ടാൻസാനിയയിൽ നിന്നും സാധനങ്ങൾ ഇറക്കുമതി ചെയ്തിരുന്നതായി എൻഐഎയോട് റമീസ് വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് തീരുമാനം.