Mon. Dec 23rd, 2024
തിരുവനന്തപുരം:

ഇന്ന് കേരളത്തിൽ പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചത് 1298 പേർക്ക്. 800 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് വാർത്താകുറിപ്പിലൂടെ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 153 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 73 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 33 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ നിലവിൽ ചികിത്സയിലുള്ളത് 11,983 പേരാണ്. ഇതുവരെ 18,337 പേർ രോഗമുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 170 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. 1,017 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 76 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണങ്ങളും രേഖപ്പെടുത്തി. ജൂലൈ 31ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശിനി ഖദീജ (51), ആഗസ്റ്റ് 2ന് മരണമടഞ്ഞ കാസര്‍ഗോഡ് ഉപ്പള സ്വദേശിനി ഷഹര്‍ബാനു (73), ആഗസ്റ്റ് 5ന് മരണമടഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സില്‍വ അടിമൈ (63) എന്നിവരുടെ മരങ്ങളാണ് ഉൾപ്പെടുത്തിയത്.

29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയിലെ 8, തിരുവനന്തപുരം ജില്ലയിലെ 7, കോഴിക്കോട് ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 3, വയനാട് ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലെ 3 കെഎസ്ഇ ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ ഒരു ഐഎന്‍എച്ച്എസ് ജീവനക്കാരനും രോഗം ബാധിച്ചു.

അതേസമയം തിരുവനന്തപുരം തീരദേശമേഖലയായ അഞ്ചുതെങ്ങിലെ ലാര്‍ജ് കൊവിഡ് ക്ലസ്റ്ററില്‍ തീവ്രരോഗവ്യാപനം. ഇന്ന് 443 പേരെ പരിശോധിച്ചതില്‍ 104 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. പൂന്തുറ മേഖലയില്‍ 72 പേരെ പരിശോധിച്ചതില്‍ 23 പേര്‍ക്ക് രോഗം കണ്ടെത്തി. കരിങ്കുളം പഞ്ചായത്തില്‍ 63 പേരെ പരിശോധിച്ചതില്‍ 13 പേരുടെ ഫലം പോസിറ്റീവായി. ചൊവ്വാഴ്ച അഞ്ചുതെങ്ങില്‍ അമ്പത് പേരെ പരിശോധിച്ചതില്‍ 32 പേര്‍ക്കും ഫലം പോസിറ്റീവായിരുന്നു. ഇന്നലെയും അമ്പത് പേരെ പരിശോധിച്ചതില്‍ ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, പ്രദേശത്ത് നൂറിലധികം പേര്‍ക്ക് ഒറ്റ ദിവസം രോഗം സ്ഥിരീകിരക്കുന്നത് ഇതാദ്യമായാണ്.

By Athira Sreekumar

Digital Journalist at Woke Malayalam